ഞങ്ങള്‍ തോറ്റുമടങ്ങില്ല; കൊവിഡിനെ അതിജീവിച്ച ഒരു ആരോഗ്യ പ്രവര്‍ത്തകന്റെ കുറിപ്പ്

കൊവിഡിനെതിരെയുള്ള പോരാട്ടം നാം തുടരുകയാണ്. ആരോഗ്യ പ്രവര്‍ത്തകരാണ് ഈ കൊവിഡ് പോരാട്ടത്തില്‍ നമ്മുടെ മുന്നണി പോരാളികള്‍. കൊവിഡ് പടരുന്നത് തടയുന്നതിനായി ആരോഗ്യ പ്രവര്‍ത്തകര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്നും നമുക്ക് പ്രതീക്ഷയേകുന്നതാണ്. ഇതിനിടെ കൊവിഡിനെ അതിജീവിച്ച ഒരു ആരോഗ്യ പ്രവര്‍ത്തകന്റെ കുറിപ്പ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. കൊവിഡിനൊപ്പം കടലാക്രമണവും കൂടി നേരിടേണ്ടി വന്ന ചെല്ലാനം കണ്ടക്കടവ് പിഎച്ച്സിയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറായ കെ.ഡി. ദീപക്കിന്റെ കുറിപ്പാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയായത്.
കുറിപ്പ് വായിക്കാം…
വീണ്ടും തൊഴിലിടത്തേക്കാണ് യാത്ര, ഒരു കൊവിഡ് പര്‍വ്വം കയറിയിറങ്ങിയ അനുഭവങ്ങളുടെ കരുത്തുണ്ട്, ഒരു ആരോഗ്യ പ്രവര്‍ത്തകനെന്ന ആര്ജവബോധത്തിന്റെ ഓര്‍മപ്പെടുത്തലുണ്ട്, പിന്നെ ഞാനും എന്റെ കുടുംബവും ഏതാനും ആഴ്ചകള്‍ കൊണ്ട് ഒരു രോഗത്തെ നേരിട്ടതിന്റെയും, പോരാടിയതിന്റെയും വിജയിച്ചതിന്റെയും നേര്‍സാക്ഷ്യങ്ങളുണ്ട്. !
കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി, കരുവേലിപ്പടി താലൂക്ക് ആശുപത്രിയിലും കണ്ടക്കടവു ( ചെല്ലാനം) പിഎച്ച്സിയിലും ആയി ഞാനും തിരക്കിലായിരുന്നു.
കരുവേലിപ്പടിയിലെ കൊവിഡ് ജോലികള്‍ക്ക് ശേഷം തിരിച്ച് ചെല്ലാനം പഞ്ചായത്ത് പ്രദേശത്തേക്ക് എത്തുമ്പോള്‍ ചെല്ലാനത്താകെ കൊവിഡ് പ്രക്ഷുബ്ധമായിരുന്നു….
സഹപ്രവര്‍ത്തകര്‍ ഒട്ടുമിക്കവരും ക്വാറന്റീനിലും……..
ചെയ്താലും ചെയ്താലും തീരാത്തത്ര തിരക്കിട്ട ജോലികള്‍ …….
അതിനിടയില്‍ ഇടിവെട്ടേറ്റവന്റെ തലയില്‍ പാമ്പുകടിച്ചു എന്ന പോലെ ചെല്ലാനം പ്രദേശത്ത് കടല്‍ക്ഷോഭവും.
ഇതെല്ലാം കൂടി ആയപ്പോള്‍ കൊവിഡ് രോഗികളെക്കൊണ്ടുള്ള ക്ലസ്റ്റര്‍ ആയി ചെല്ലാനം.
ഓരോ ദിവസവും ജോലി ചെയ്യുന്നതിനുള്ള പ്രചോദനം മേലുദ്യോഗസ്ഥരില്‍ നിന്നും ലഭിച്ചിരുന്നതിനാല്‍ തളര്‍ന്നില്ല.
കൊറോണയ്ക്കെതിരായുള്ള പോരാട്ടത്തില്‍ കഴിയാവുന്ന വ്യക്തി സുരക്ഷാ ഉപാധികള്‍ സ്വീകരിച്ചിരുന്നു എങ്കിലും ആഴ്ചയില്‍ ഒരിക്കല്‍ വീതം ആന്റിജന്‍ ടെസ്റ്റ് ചെയ്തിരുന്നു….
എനിക്ക് കിട്ടിയാലും വീട്ടുകാര്‍ക്ക് കിട്ടരുത്.
ആവശ്യമായ മുന്‍കരുതലുകള്‍ വീട്ടിലും എടുത്തിരുന്നു.
ഇതിനിടയ്ക്ക് ചെറിയ പനി, തൊണ്ട വരള്‍ച്ച, മൂക്കടപ്പ് തോന്നിയതിനാല്‍ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദ്ദേശാനുസരണം ആന്റിജന്‍ & RTPCR ടെസ്റ്റ് ചെയ്യുവാന്‍ കരുവേലിപ്പടിയിലേക്ക് വീണ്ടും ചെന്നു. കാറില്‍ ഇരുന്നു തന്നെ പരിചയക്കാരെ കണ്ടു സ്നേഹാന്വേഷണം നടത്തി.
പരിശോധനയ്ക്ക് ശേഷം വീട്ടിലേക്കുള്ള പാതി വഴിയില്‍ കരുവേലിപ്പടി താലൂക്ക് ആശുപത്രിയില്‍ നിന്നും കൊവിസ് നോഡല്‍ ഓഫീസറുടെ വിളിവന്നു. ഞാന്‍ ഉറപ്പിച്ചു… എന്നെയും കൊറോണ കീഴ്പ്പെടുത്തി എന്ന്.
തൊട്ടുപിന്നാലെ DSO മാഡം വിളിച്ചു. ആശ്വസിപ്പിച്ചു.
തല്ക്കാലം കുറച്ചു സമയത്തേയ്ക്ക് വീട്ടില്‍ ചെന്ന് Rest എടുക്കു…..
കുറച്ചു ദിവസത്തേക്ക് താമസിക്കുന്നതിനുള്ള സാധനങ്ങള്‍ പാക്ക് ചെയ്യൂ. അനുയോജ്യമായ താമസ സൗകര്യം ഒരുക്കി വണ്ടി അയയ്ക്കും ധൈര്യമായി കയറി പോന്നുകൊള്ളുക. മാഡം അറിയിച്ചു…..
വൈകിട്ട് ആയപ്പോള്‍ ഡബിള്‍ ചേമ്പേഡ് ടാക്സിയില്‍ മെഡിക്കല്‍ കോളജിലെ പരിശോധനയ്ക്ക് ശേഷം കളമശ്ശേരി രാജഗിരി CFLTC യിലേക്ക് എന്നെ ഷിഫ്റ്റ് ചെയ്തു … ആദ്യമായി രോഗിയുടെ വേഷത്തില്‍ ആംബുലന്‍സില്‍…
മനസിലാകെ ആശങ്കയും അങ്കലാപ്പും…
രാജഗിരി CFLTC യിലെ നടപടികള്‍ പൂര്‍ത്തിയാക്കി PPE ധാരികളായ രണ്ട് ജീവനക്കാര്‍ എന്നെ മുറിയിലെത്തിച്ചു……
രണ്ട് പേര്‍ക്ക് കിടക്കാവുന്ന വിശാലമായ നല്ല വായു സഞ്ചാരമുള്ള വൃത്തിയുള്ള മുറി ……
ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നും ഡിഎംഒ, ഡിഎസ്ഒ, ടിഎ അടക്കമുള്ള ജില്ലാ ഓഫീസര്‍മാര്‍, മുന്‍ ഡിഎംഒ, ബ്ലോക്ക് & പിഎച്ച്സി. മെഡിക്കല്‍ ഓഫീര്‍മാര്‍, KGM0A, NGOU, KHIU എന്നീ സംഘടനാ നേതാക്കള്‍, പ്രിയ സഹപ്രവര്‍ത്തകര്‍, ബന്ധുക്കള്‍, സുഹൃത്തുക്കള്‍ തുടങ്ങിയവരുടെ ഇടതടവില്ലാത്ത ക്ഷേമാന്വേഷണം….. ആശ്വസിപ്പിക്കല്‍……
ആശങ്കയ്ക്കും അങ്കലാപ്പിനും വിരാമമായി……
ഒറ്റയ്ക്കാണെന്ന തോന്നല്‍ ഇല്ലാതായി.
കൊറോണയെ പേടിച്ച് നമ്മുടെ ഔദ്യോഗിക കര്‍ത്തവ്യങ്ങളില്‍ നിന്നു മാറി നില്‍ക്കേണ്ട കാര്യമേ ഇല്ല ……
ഭയം വേണ്ട …. ജാഗ്രത മാത്രം…..
പെട്ടെന്ന് ഓരോ കാര്യങ്ങളിലേക്ക് എടുത്ത് ചാടുമ്പോള്‍ വ്യക്തിഗത സുരക്ഷ മറക്കരുത്……
കൊറോണ ഒരിക്കലും നമ്മേ തേടി വരില്ല….
ആരോഗ്യ പ്രവര്‍ത്തകരായ നാം കൊറോണയിലേക്ക് ആയിപ്പോകുന്നതാണ്…
നമുക്ക് രോഗം ബാധിച്ചാലും പേടിക്കേണ്ട
വളരെ ചെറിയ ഒരു വിഭാഗത്തിന് ( പ്രതിരോധ ശക്തി കുറഞ്ഞവര്‍ ) ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് ഒഴിച്ചാല്‍, ലക്ഷണം പോലും ഇല്ലാതെ ‘ ഇവന് ‘ നമ്മുടെ ശരീരത്തില്‍ ഒരു വരക്കം വന്ന് തിരിച്ചു പോകും എന്നത് എനിക്കും എന്റെ കുടുംബത്തിനും ബോധ്യപ്പെട്ടതാണ് ….
എന്റെ കുടുംബത്തെ ആകെ കൊറോണ വിഴുങ്ങി എന്നറിഞ്ഞപ്പോള്‍ സത്യത്തില്‍ ഞാന്‍ വിഷമിച്ചു…..
(ഏതൊരാരോഗ്യ പ്രവര്‍ത്തകനും പ്രതീക്ഷിക്കുന്നതു പോലെ ഞാനും കൊറോണയുടെ വരവിനെ പ്രതീക്ഷിച്ചിരുന്നു…… വീട്ടുകാര്‍ക്ക് വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു…….)
10 വയസുള്ള മകന് സൈറസ് എട്ട് ദിവസങ്ങള്‍ക്ക് ശേഷം CFLTC യില്‍ എന്നെ കണ്ടപ്പോള്‍ ചോദിച്ചത് ‘ പപ്പേ…എനിക്കും കൊവിഡ് ആയോ, എനിക്ക് ഒന്നും തോന്നുന്നേയില്ല എന്നാണ്.
74 വയസുള്ള എന്റെ അപ്പച്ചനെ മെഡിക്കല്‍ കോളജില്‍ ആണ് അഡ്മിറ്റ് ചെയ്തത് ….
65 വയസിനു മുകളില്‍ പ്രായമുള്ളവരെ CFLTC കളില്‍ താമസിപ്പിക്കില്ല അതാണ് കാരണം ….
വാര്‍ഡില്‍ ആയിരുന്നു ആദ്യം. പിറ്റെ ദിവസം മേല്‍ പറഞ്ഞ ഓഫീസര്‍മാരുടെ ഇടപെടലിനെ തുടര്‍ന്ന് അപ്പച്ചന് റൂം അനുവദിക്കുകയും അമ്മച്ചിയെ അപ്പച്ചന്റെ കൂടെ നില്ക്കുവാന് അനുവദിക്കുകയും ചെയ്തു ……
ജോലിക്കിടയില്‍ കൊവിഡ് ബാധിച്ച ആരോഗ്യ പ്രവര്‍ത്തകനും കുടുംബത്തിനും സര്‍ക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും ഭാഗത്തു നിന്നും ലഭിക്കാവുന്ന എല്ലാ കരുതലും പിന്തുണയും..
മെഡിക്കല്‍ കോളജില്‍ അപ്പച്ചനും അമ്മച്ചിയും രാജഗിരി CFLTC ല്‍ ഞാനും ലിജിയയും സൈറസും സിറിളും….. ജീവിതത്തില്‍ ഇന്നേ വരെ ഉണ്ടായിട്ടില്ലാത്ത ഒരു പ്രത്യേക അനുഭവം …..
21 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ കരച്ചില് ചില രാത്രികളില്‍ ഞങ്ങളില്‍ പലരുടേയും ഉറക്കം കെടുത്തിയെങ്കിലും, ആ കുഞ്ഞിന്റെയും അമ്മയുടേയും ദയനീയത എല്ലാവരേയും സങ്കടപ്പെടുത്തി…..
CFLTC യിലെ ജീവിതം പുറം ചുവരുകള്‍ക്കപ്പുറം കാണുന്ന പോലെയല്ല ……
ഇവിടെ ആയതു കൊണ്ട് ആരും വിഷമിക്കുന്നില്ല…. അത്യാവശ്യ സൗകര്യങ്ങള്‍ എല്ലാം ഒരുക്കിയിട്ടുണ്ട് ഇവിടെ…….
നാലു നേരം കൃത്യ സമയത്ത് ഭക്ഷണം….
കൃത്യമായ മെഡിക്കല്‍ കെയര്‍ ……
ഡോക്ടര്‍, നഴ്സ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ശുചീകരണ ജീവനക്കാര്‍
തുടങ്ങിയ ടീം സൗമ്യമായ പെരുമാറ്റത്തോടെ സേവന സജ്ജരായി എപ്പോഴും നമ്മോടൊപ്പം. ഒരു നോഡല്‍ ഓഫീസറുടെ മേല്‍നോട്ടത്തില്‍ ജില്ലാ ഭരണസിരാകേന്ദ്രത്തിന്റെ നേരിട്ടുള്ള നിയന്ത്രണം….
സര്‍ക്കാരും ആരോഗ്യ വകുപ്പും പൂര്‍ണമായും നമ്മോടൊപ്പമുണ്ട് ….
വിവിധ ദേശക്കാരായ…. കുറേ കൊവിഡ് ബാധിതര്‍ ….. ഒരു കുടുംബം പോലെ 10 ദിവസങ്ങള്‍…..
വീട്ടിലേക്കെത്തുമ്പോള്‍ പലരും അടക്കം പറഞ്ഞു
‘ഒരു സമ്പൂര്‍ണ കൊവിഡ് ഫാമിലി ‘
എല്ലാവരോടും നന്ദി മാത്രമേ ഉള്ളൂ…..
ഞാന്‍ മൂലം രോഗബാധിതരായ എന്റെ മാതാപിതാക്കള്‍, എന്റെ ഭാര്യ, മക്കള്‍, അകന്നു നില്ക്കുവാന് പറഞ്ഞപ്പോള്‍ അനുസരിച്ച സഹോദരനും കുടുംബവും, എനിക്ക് എല്ലാ പിന്തുണയും നല്കിയ എന്റെ മേലുദ്യോഗസ്ഥര്‍, എന്റെ സ്നേഹനിധികളായ സഹപ്രവര്‍ത്തകര്‍, CFLTC യില്‍ എന്റെ മക്കള്‍ക്ക് പലഹാരങ്ങള്‍ എത്തിച്ചു നല്കിയ കൊവിഡ് മോചിതനായ എന്നെയും കുടുംബത്തേയും സ്വീകരിക്കാന്‍ എത്തിയ എന്റെ ചങ്ക് സുഹൃത്തുക്കള്‍, തിരികെ എത്തിയപ്പോള്‍ വീട്ടിലേക്ക് സ്വാഗതം ചെയ്ത സ്നേഹനിധികളായ ബന്ധുക്കള്‍ക്കും
നന്ദി നന്ദി നന്ദി………………
രോഗമുക്തിക്ക് ശേഷം, ഇനിയെല്ലാം പഴയപടിയാകുമെന്ന് വിശ്വസിക്കുന്നു.
ലോകം ഒന്നും മാറിയിട്ടില്ല.
ലോകത്ത് ഒരു വികൃതി വൈറസ് പറന്ന് നടക്കുന്നുണ്ട്.
ഞങ്ങളെ CFLTC യിലേക്കും തിരിച്ച് വീട്ടിലേക്കും എത്തിച്ച പ്രിയ ഡ്രൈവറേയും പിടികൂടി ആ വികൃതിയുടെ യാത്ര തുടരുന്നു.
അതിനെ നേരിടാനുള്ള ഇഛാശക്തിയുണ്ടെങ്കില്‍
നമുക്കും അതിജീവിക്കാം.
Story Highlights – health worker
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here