പ്രതിയായ സിഐടിയുകാരനെ രക്ഷിക്കാൻ തന്റെ പേര് ഉപയോഗിക്കുന്നു; ആരോപണത്തിന് മറുപടിയുമായി അടൂർ പ്രകാശ്

വെഞ്ഞാറമൂട് ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ ഇരട്ടക്കൊലപാതകത്തിൽ മന്ത്രി ഇപി ജയരാജൻ ഉന്നയിച്ച ആരോപണം തള്ളി അടൂർ പ്രകാശ് എംപി. ആരോപണം തെളിയിക്കാനുള്ള ബാധ്യത മന്ത്രിക്കുണ്ടെന്നും ആരോപണം അടിസ്ഥാനരഹിതവും ബാലിശവുമാണെന്ന് അടൂർ പ്രകാശ് ട്വന്റിഫോറിനോട് പറഞ്ഞു.
‘വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജൻ പറഞ്ഞ വാക്കുകളെ കുറിച്ച് അന്വേഷണം നടത്താനുള്ള ഉത്തരവാദിത്തം അദ്ദേഹത്തിനുണ്ട്. ഈ കൊലപാതകവുമായി ബന്ധപ്പെട്ട് തനിക്ക് ഏതെങ്കിലും ബന്ധമുണ്ടെങ്കിൽ അത് തെളിയിക്കാനുള്ള ഉത്തരവാദിത്തവും അദ്ദേഹത്തിനാണ്. അതല്ലാതെ കാടടച്ച് വെടിവച്ച് അതിൽ നിന്ന് കിട്ടുന്ന നേട്ടം കൊയ്‌തെടുക്കാൻ ജയരാജനെ പോലുള്ളൊരു മുതിർന്ന നേതാവ് ശ്രമിച്ചത് ശരിയല്ല. കോൺഗ്രസുകാർ കൊലപാതകത്തിന് കൂട്ടു നിൽക്കുന്ന ആളുകളല്ല. അത്തരത്തിലൊരു ചരിത്രവും കോൺഗ്രസിനില്ല’- അടൂർ പ്രകാശൻ പറഞ്ഞു.
സജിത്തിനെയും അറിയില്ല, പ്രതികളാരെയും അറിയില്ല. ഒരു സിഐടിയു കാരൻ പ്രതിയായി ഉണ്ട്. അദ്ദേഹത്തെ രക്ഷപ്പെടുത്താനായിരിക്കണം ഇപി ജയരാജനെ പോലുള്ള ആളുകൾ ഇറങ്ങിത്തിരച്ചതെന്ന് സംശയമുണ്ടെന്നും അടൂർ പ്രകാശൻ കൂട്ടിച്ചേർത്തു.
Read Also : കൊലപാതകത്തിന് ശേഷം പ്രതികൾ അടൂർ പ്രകാശിനെ വിളിച്ചിരുന്നു : മന്ത്രി ഇപി ജയരാജൻ
കൊലപാതകം ആസൂത്രിതമാണെന്നും കോൺഗ്രസ് ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണ് കൃത്യം നടന്നതെന്നും മന്ത്രി ഇ പി ജയരാജൻ ആരോപിച്ചിരുന്നു. കൊലപാതകത്തിന് ശേഷം പ്രതികൾ അടൂർ പ്രകാശിനെ വിളിച്ച് ലക്ഷ്യം നിർവഹിച്ചു എന്നറിയിച്ചെന്നും ഇ പി ജയരാജൻ പറഞ്ഞു. കോൺഗ്രസ് നേതൃത്വം കൊലയാളി സംഘങ്ങൾക്ക് രൂപം നൽകിയിരിക്കുന്നു. മറ്റു ജില്ലകളിലും കൊലപാതകങ്ങൾക്ക് കോൺഗ്രസ് പദ്ധതിയിട്ടിട്ടുണ്ട്. തിരുവോണ നാളിൽ കോൺഗ്രസ് രക്ത പൂക്കളമുണ്ടാക്കിയെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇതിന് മറുപടിയായിട്ടായിരുന്നു അടൂർ പ്രകാശിന്റെ പ്രതികരണം.
Story Highlights – adoor prakash dismissed ep jayarajan allegation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here