ബംഗളൂരു മയക്കു മരുന്ന് കേസ്; നടി രാഗിണി ദ്വിവേദിയുടെ സുഹൃത്ത് അറസ്റ്റിൽ

ബംഗളൂരു മയക്കു മരുന്ന് കേസിൽ നടി രാഗിണി ദ്വിവേദിയുടെ സുഹൃത്ത് രവിശങ്കർ അറസ്റ്റിൽ. രവിശങ്കറിന് മയക്കു മരുന്ന് സംഘവുമായി ബന്ധമുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് സെൻട്രൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. വിശദമായ ചോദ്യം ചെയ്യലിനായി രവിശങ്കറിനെ അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങി.
രാഗിണി ദ്വിവേദിയുടെ അടുത്ത സുഹൃത്താണ് രവിശങ്കറെന്നാണ് വിവരം. ഇയാൾ സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചുവരികയായിരുന്നു. അതേസമയം, കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ രാഗിണി ദ്വിവേദി കൂടുതൽ സമയം ആവശ്യപ്പെട്ടു. ഒരു പ്രമുഖ വ്യവസായി അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലുണ്ടെന്നും സൂചനയുണ്ട്.
ബംഗളൂരു മയക്കു മരുന്ന് കേസിൽ വിശദമായ അന്വേഷണമാണ് നടക്കുന്നത്. ബംഗളൂരു സ്വദേശിനി അനിഘ, മലയാളികളായ കൊച്ചി സ്വദേശി അനൂപ് മുഹമ്മദ്, പാലക്കാട് സ്വദേശി റിജേഷ് രവീന്ദ്രൻ എന്നിവരെ കഴിഞ്ഞ മാസം അവസാനത്തിൽ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ പിടികൂടിയിരുന്നു. അറസ്റ്റിനെ തുടർന്ന് സംസ്ഥാനത്തെ മയക്കു മരുന്ന് മാഫിയയെ കുറിച്ച് അന്വേഷിക്കാൻ കർണാടക സർക്കാർ സെൻട്രൽ ക്രൈം ബ്രാഞ്ചിന് നിർദേശം നൽകിയിരുന്നു. നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയും സെൻട്രൽ ക്രൈംബ്രാഞ്ചും സമാന്തരമായാണ് കേസ് അന്വേഷിക്കുന്നത്.
Story Highlights – Drug racket, Bengaluru, Ragini Dwivedi, Kannada film industry, Ravi Shankar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here