മെസി ബാഴ്സയിൽ തന്നെ തുടർന്നേക്കുമെന്ന് റിപ്പോർട്ട്

സൂപ്പർ താരം ലയണൽ മെസി ബാഴ്സലോണയിൽ തന്നെ തുടർന്നേക്കുമെന്ന് റിപ്പോർട്ട്. ലയണൽ മെസിയുടെ പിതാവ് ജോർജെ മെസിയുമായി ക്ലബ് നടത്തിയ ചർച്ചക്ക് ശേഷമാണ് ഒരു സീസൺ കൂടി താരം ബാഴ്സയിൽ തുടർന്നേക്കാമെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. അടുത്ത വർഷം കരാർ അവസാനിക്കും എന്നതുകൊണ്ട് തന്നെ കരാർ കാലാവധി പൂർത്തിയായതിനു ശേഷം ക്ലബ് വിടാമെന്ന് മാനേജ്മെൻ്റ് പറഞ്ഞു എന്നും ജോർജെ അതിന് അർധസമ്മതം മൂളിയെന്നും സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പിഎസ്ജി, മാഞ്ചസ്റ്റർ സിറ്റി, യുവൻ്റസ് തുടങ്ങിയ ക്ലബുകളിൽ നിന്ന് ഓഫറുകൾ വന്നെങ്കിലും ബാഴ്സലോണക്ക് അവയിൽ താത്പര്യമില്ല. കരാറുമായി ബന്ധപ്പെട്ട നിബന്ധനകളിൽ ആശയക്കുഴപ്പം നിലനിൽക്കുന്നതു കൊണ്ട് തന്നെ മെസി ക്ലബിൻ്റെ നിർദ്ദേശം അംഗീകരിച്ചേക്കുമെന്നാണ് സൂചന. പ്രശ്നങ്ങൾ ഉടൻ അവസാനിപ്പിച്ച് ഫുട്ബോൾ മൈതാനത്തേക്ക് ഇറങ്ങണമെന്നാണ് താരത്തിൻ്റെ നിലപാട്.
Read Also : അങ്ങനങ്ങ് പോയാലോ; മെസിയെ ലഭിക്കണമെങ്കിൽ ക്ലബുകൾ 700 മില്ല്യൺ യൂറോ റിലീസ് ക്ലോസ് നൽകണമെന്ന് ലാ ലിഗ
ക്ലബുമായുള്ള കരാർ താൻ അവസാനിപ്പിച്ചു എന്നും അതുകൊണ്ട് തന്നെ ഫ്രീ ഏജൻ്റായി ക്ലബ് വിടാമെന്നും മെസി ക്ലബിനെ അറിയിച്ചു കഴിഞ്ഞു എന്നാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. അടുത്ത ജൂലായ് വരെയാണ് ക്ലബുമായുള്ള മെസിയുടെ കരാർ. എന്നാൽ, സീസൺ അവസാനിച്ചാൽ എപ്പോൾ വേണമെങ്കിലും താരത്തിനു ക്ലബ് വിട്ടു പോകാം എന്ന നിബന്ധന കരാറിലുണ്ട്. മെസി ഈ നിബന്ധന ഉപയോഗിക്കുകയായിരുന്നു.
എന്നാൽ, ജൂണിൽ ഈ വ്യവസ്ഥയുടെ കാലാവധി കഴിഞ്ഞു എന്ന് ക്ലബ് പറയുന്നു. അതുകൊണ്ട് തന്നെ താരത്തിനു ഫ്രീ ഏജൻ്റായി ക്ലബ് വിടാൻ കഴിയില്ല എന്നും ബാഴ്സലോണ അറിയിച്ചു. ഇതിനു പിന്നാലെ മെസിയെ ലഭിക്കണമെങ്കിൽ ക്ലബുകൾ 700 മില്ല്യൺ യൂറോ റിലീസ് ക്ലോസ് നൽകണമെന്ന് ലാലിഗ ഗവേണിംഗ് ബോഡി അറിയിക്കുകയും ചെയ്തു. എന്നാൽ, കൊവിഡ് ഇടവേള വന്നതുകൊണ്ട് ഈ വ്യവസ്ഥ ഇപ്പോഴും നിലനിൽക്കുമെന്നാണ് മെസിയുടെ അഭിഭാഷകൻ പറയുന്നത്.
Story Highlights – Lionel Messi now considering staying at Barcelona reports
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here