ഒപ്പ് വിവാദം: ബിജെപിക്കാര്‍ മണ്ടത്തരം പറയുന്നത് ആദ്യമായിട്ടല്ല; സെക്രട്ടേറിയറ്റിലെ പ്രവര്‍ത്തന രീതി അവര്‍ക്ക് അറിയില്ലെന്ന് മന്ത്രി തോമസ് ഐസക്ക്

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണവുമായി രംഗത്തെത്തിയ ബിജെപി വക്താവ് സന്ദീപ് വാര്യര്‍ക്കെതിരെ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക്. മുഖ്യമന്ത്രി അമേരിക്കയില്‍ ചികിത്സയ്ക്ക് പോയപ്പോള്‍ സര്‍ക്കാര്‍ ഫയലില്‍ മുഖ്യമന്ത്രിയുടെ പേരില്‍ ആരോ വ്യാജ ഒപ്പിട്ടുവെന്നായിരുന്നു സന്ദീപ് വാര്യരുടെ ആരോപണം. ഇതിനെതിരെയാണ് ധനമന്ത്രി രംഗത്തെത്തിയിരിക്കുന്നത്.
ബിജെപിക്കാര്‍ മണ്ടത്തരം പറയുന്നത് ഇതാദ്യമായിട്ടൊന്നുമല്ല. അതുകൊണ്ട് അതില്‍ അത്ഭുതപ്പെടാനുമില്ലെന്ന് ധനമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. സെക്രട്ടേറിയറ്റിലെ പ്രവര്‍ത്തന രീതിയോ ഫയല്‍ കൈകാര്യം ചെയ്യുന്നതെങ്ങനെയെന്നോ ഒന്നും അവര്‍ക്ക് അറിയില്ല. അതുകൊണ്ടാണല്ലോ 2018ല്‍ കെ. സി. ജോസഫ് പൊട്ടിച്ച ഉണ്ടയില്ലാ വെടി, അതുപോലെ വെയ്ക്കാന്‍ തോക്കുമായി ഇറങ്ങിയത്.
ഞാനൊക്കെ ആലപ്പുഴയിലോ ഓഫീസിനു പുറത്തോ ഒക്കെ ആയിരിക്കുമ്പോഴും ഫയലുകള്‍ ഇങ്ങനെ തന്നെയാണ് ഒപ്പിട്ടു നല്‍കുന്നത്. ഇ ഫയലാണെങ്കില്‍ ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ ഉപയോഗിക്കും. പേപ്പര്‍ ഫയലാണെങ്കില്‍, സ്‌കാന്‍ ചെയ്ത് അയയ്ക്കും, അത് പ്രിന്റൗട്ട് എടുത്ത് ഒപ്പു വെച്ച് സ്‌കാന്‍ ചെയ്ത് തിരിച്ചയയ്ക്കും. ഓഫീസില്‍ അത് പ്രിന്റെടുത്ത് ഫയലിലിടും. അതാണ് കീഴ് വഴക്കം. ഇതൊക്കെ ഞങ്ങളെല്ലാം ചെയ്യുന്നതാണ്.
ഈ കേസില്‍ മലയാളം മിഷന്റെ ഒരു ഫയലാണല്ലോ തെളിവായി ഹാജരാക്കിയിരിക്കുന്നത്. ഇത് ഫിസിക്കല്‍ ഫയലായിരുന്നു. സ്‌കാന്‍ ചെയ്ത് അയച്ചു, ഒപ്പിട്ടു തിരിച്ചു വന്നത് കോപ്പിയെടുത്ത് ഫയലിലിട്ടു. ഇതാണ് വസ്തുതയെന്നും മന്ത്രി പറഞ്ഞു.
Story Highlights – pinarayi vijayan signature controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here