കൊവിഡ് പ്രതിരോധ ഇടപെടല്‍ കുറയുന്നു: ക്യുആര്‍ കോഡ് സംവിധാനം എല്ലായിടത്തും പ്രായോഗികമാക്കണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് സര്‍ക്കാര്‍ നിഷ്കര്‍ഷിച്ച രീതിയിലുള്ള കൊവിഡ് പ്രതിരോധ ഇടപെടല്‍ കുറയുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്. ‘മാസ്ക്ക് ധരിക്കാത്ത 7477 സംഭവങ്ങള്‍ സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ഇതിനര്‍ത്ഥം സര്‍ക്കാര്‍ നിഷ്കര്‍ഷിച്ച രീതിയിലുള്ള പ്രതിരോധ ഇടപെടല്‍ കുറയുന്നു എന്നാണ്. ക്വാറന്റീന് ലംഘിക്കുന്നവര്‍ക്കെതിരായ കേസുകളുടെ എണ്ണവും കൂടുന്നുണ്ട്. മാസക്ക് ധരിക്കുന്നത് സ്വന്തം രക്ഷയ്ക്കുവേണ്ടി മാത്രമല്ല, ചുറ്റുമുള്ളവര്‍ക്ക് രോഗം പകരാതിരിക്കാനുമാണ്. അക്കാര്യത്തില്‍ നമ്മള് ഓരോരുത്തരും തുടര്‍ന്നും ജാഗ്രത പാലിച്ചേ മതിയാകൂ’ മുഖ്യമന്ത്രി പറഞ്ഞു.
കോഴിക്കോട്ട് വിജയകരമായി പരീക്ഷിച്ച ക്യുആര്‍ കോഡ് സ്കാന്‍ ചെയ്യുന്ന സംവിധാനം എല്ലായിടത്തും പ്രായോഗികമാക്കാവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു കേന്ദ്രത്തില്‍, അത് സര്‍ക്കാര്‍ ഓഫീസിലായാലും ഷോപ്പുകളിലായാലും മാളുകളിലായാലും എത്തുന്നവര്‍ അവിടെ പ്രദര്‍ശിപ്പിച്ച ക്യുആര്‍ കോഡ് സ്കാന്‍ ചെയ്യുക എന്നതാണ് രീതി. അതോടെ അവിടെ എത്തിയ ആളിനെക്കുറിച്ച് ഇലക്ട്രോണിക്കായി ആവശ്യമായ വിവരങ്ങള്‍ രേഖയില്‍ വരും. പിന്നീട് ആ ഷോപ്പിലോ സ്ഥലത്തോ കൊവിഡ് ബാധയുണ്ടാവുകയാണെങ്കില്‍ അവിടെ സന്ദര്‍ശിച്ച എല്ലാവര്ക്കും സന്ദേശവും ആവശ്യമായ നിര്‍ദേശവും നല്കാന് ഇത് സഹായകമാകും. ഇത്തരം രീതി പൊതുവേ എല്ലായിടത്തും പ്രായോഗികമാക്കാവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights – QR code system should be implemented everywhere; CM
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here