വനം വകുപ്പ് കസ്റ്റഡിയിലിരിക്കെ മരിച്ച മത്തായിയുടെ മൃതദേഹത്തില്‍ കൂടുതല്‍ പരുക്കുകള്‍ കണ്ടെത്തി

പത്തനംതിട്ട ചിറ്റാറില്‍ വനം വകുപ്പ് കസ്റ്റഡിയിലിരിക്കെ മരിച്ച മത്തായിയുടെ മൃതദേഹത്തില്‍ കൂടുതല്‍ പരുക്കുകള്‍ കണ്ടെത്തി. സിബിഐ നടത്തിയ ഇന്‍ക്വസ്റ്റിലാണ് പൊലീസ് ഇന്‍ക്വസ്റ്റില്‍ ഉണ്ടായിരുന്നതിനേക്കാള്‍ ഏഴില്‍ അധികം പരുക്കുകള്‍ കണ്ടെത്തിയത്. ഇതോടെ മത്തായിയുടെ രണ്ടാം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അന്വേഷണത്തില്‍ നിര്‍ണായകമാകും.
രാവിലെ പത്തനംതിട്ടയില്‍ എത്തിയ സിബിഐ ഉദ്യോഗസ്ഥര്‍ റാന്നിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് മൃതദേഹം ഏറ്റെടുത്തു. തുടര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. പത്തരയോടെ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. ഉച്ചവരെ നീണ്ട പരിശോധനയില്‍ നിര്‍ണായകമായേക്കാവുന്നതും പൊലീസ് ഇന്‍ക്വസ്റ്റില്‍ ഇല്ലാതിരുന്നതുമായ പരുക്കുകളാണ് സിബിഐ കണ്ടെത്തിയത്. ഉച്ചയ്ക്ക് രണ്ടരയ്ക്കാരംഭിച്ച പോസ്റ്റ്‌മോര്‍ട്ടം അഞ്ചേകാല്‍ വരെ നീണ്ടു.
സിബിഐ നിര്‍ദേശിച്ച മൂന്നംഗ ഡോക്ടര്‍മാരാണ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. തുടര്‍ന്ന് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. നാളെ ഉച്ചയ്ക്ക് ശേഷം കുടപ്പന സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ സംസ്‌കരിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here