മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടിട്ട് ഇന്ന് മൂന്ന് വർഷം…

മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടിട്ട് ഇന്ന് മൂന്ന് വർഷം. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെയും ജാതിവ്യവസ്ഥയുടെയും കടുത്ത വിമർശകയായിരുന്ന ഗൗരി ലങ്കേഷ് സാമൂഹികവും രാഷ്ട്രീയവുമായ അനീതികൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ സ്വീകരിച്ച വ്യക്തിത്വങ്ങളിലൊന്നായിരുന്നു. ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടിട്ട് മൂന്ന് വർഷൾ പിന്നിട്ടിട്ടും കുറ്റവാളികൾ ഇതുവരെയും ശിക്ഷിക്കപ്പെട്ടിട്ടില്ല.
സ്വകാര്യ ചാനലിലെ പരിപാടി കഴിഞ്ഞ് വീട്ടിലെത്തിയ ഗൗരി ലങ്കേഷ് ഗേറ്റ് തുറക്കുന്നതിനിടയിൽ അക്രമികൾ വെടിവെയ്ക്കുകയായിരുന്നു. ഏഴ് റൗണ്ട് വെടിയുതിർത്തതിൽ മൂന്നെണ്ണം ശരീരത്തിൽ തുളച്ചുകയറി. വീടിന്റെ വാതിലിനുമുന്നിൽ തളർന്നുവീണ ഗൗരി സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. സംഘപരിവാർ സംഘടനകളെ രൂക്ഷമായി എതിർത്തിരുന്ന ഗൗരി ലങ്കേഷിന് ഭീഷണിയുണ്ടായിരുന്നു. വിവിധ പത്രങ്ങളിൽ ലേഖനമെഴുതുകയും ടെലിവിഷൻ ചാനലുകളിൽ നടക്കുന്ന ചർച്ചകളിൽ സജീവ സാന്നിധ്യവുമായിരുന്നു അവർ. പുരോഗമന സാഹിത്യകാരൻ എംഎം കൽബുർഗി കൊല്ലപ്പെട്ടതിന് സമാനമായ രീതിയിലാണ് ഗൗരി ലങ്കേഷും കൊല്ലപ്പെടുന്നത്. കൽബുർഗിയുടെ കൊലപാതകത്തിനെതിരായി ശക്തമായി പ്രതികരിച്ചിരുന്ന ഗൗരിക്കെതിരെ നിരന്തരം ഭീഷണികൾ ഉയർന്നിരുന്നു. കൽബുർഗിയുടെ കൊലപാതകത്തിലെന്ന പോലെ ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിലും ഇതുവരെയും കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടിട്ടില്ല.
പ്രമുഖ പത്രപ്രവർത്തകനും എഴുത്തുകാരനുമായ പി. ലങ്കേഷിന്റെ മകളാണ് ഗൗരി ലങ്കേഷ്. പ്രമുഖ ചലച്ചിത്ര സംവിധായിക കവിത ലങ്കേഷ് ഗൗരിയുടെ സഹോദരിയാണ്. 2005ലാണ് ഗൗരിയുടെ പിതാവായ ലങ്കേഷ് ‘ലങ്കേഷ് പത്രിക’ എന്ന പേരിൽ ടാബ്ലോയിഡ് മാഗസിൻ ആരംഭിക്കുന്നത്. പിന്നീട് ഗൗരി, ലങ്കേഷ് പത്രികയിൽ സജീവമായി. ശക്തമായ സാമൂഹ്യമവിമർശനം നടത്തിയിരുന്ന ഗൗരി ലങ്കേഷ് തീവ്ര ഹിന്ദുത്വ ശക്തികൾക്കെതിരെയും ജാതിവ്യവസ്ഥയ്ക്കെതിരെയും കടുത്ത നിലപാടുകൾ സ്വീകരിച്ചു.
മാവോവാദികളുമായുള്ള ചർച്ചയ്ക്ക് സർക്കാരിനുവേണ്ടി മധ്യസ്ഥയായിരുന്നത് ഗൗരി ലങ്കേഷ് ആയിരുന്നു. പ്രമുഖ മാവോവാദി പ്രവർത്തക കന്യാകുമാരി ഉൾപ്പെടെ മൂന്നുപേരെ ഇവരാണ് കീഴടങ്ങാൻ പ്രേരിപ്പിച്ചത്. സമൂഹത്തിൽ നിന്ന് വേറിട്ടുകഴിയുന്ന മാവോവാദികൾക്ക് അർഹമായ പരിഗണനയും പുനരധിവാസവും നൽകണമെന്ന് ഗൗരി ആവശ്യപ്പെട്ടിരുന്നു.
Story Highlights – It has been three years since senior journalist Gauri Lankesh was killed.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here