പടിക്കെട്ടുകൾ കയറാൻ സാധിക്കാത്ത വൃദ്ധയുടെ കേസ് പടികളിലിരുന്ന് തീർപ്പാക്കി ജഡ്ജ് എന്നത് വ്യാജ പ്രചരണം

(Updated (07-09-2020) at 11.39am)
പടിക്കെട്ടുകൾ കയറാൻ സാധിക്കാത്ത വൃദ്ധയുടെ കേസ് പടികളിലിരുന്ന് തീർപ്പാക്കി ജഡ്ജ് എന്നത് വ്യാജ പ്രചരണം. ഈ വാർത്ത വ്യാജമാണെന്ന് 24 ഫാക്ട് ചെക്ക് ടീം കണ്ടെത്തി 2020 ഫെബ്രുവരിയിൽ നടന്നതാണ് ഈ സംഭവം. ഫോട്ടോയിലുള്ളത് വാർത്തകളിൽ പറയുന്നതുപോലെ ജില്ലാ കോടതി ജഡ്ജിയല്ല, മറിച്ച് തെലങ്കാന ജയശങ്കർ ഭൂപാൽപള്ളി ജില്ലാ കളക്ടർ മൊഹമ്മദ് അബ്ദുൾ അസീസ് ഐഎഎസാണ്. പേര് അബ്ദുൾ ഹസീം എന്നാണ് പ്രചരിക്കുന്ന വ്യാജ വാർത്തയിൽ പറയുന്നത്.
ഭൂപള്ളി ജില്ലയിലെ ഒരു താമസക്കാരിയാണ് ഫോട്ടോയിൽ കാണുന്ന സ്ത്രീ. അവർക്ക് 2 വർഷമായി പെൻഷൻ ലഭിച്ചിരുന്നില്ല. ഉദ്യോഗസ്ഥരെ കണ്ടിട്ടും കാര്യമുണ്ടായില്ല. തുടർന്ന് അവർ കളക്ടറെ കാണാൻ തീരുമാനിച്ചു. അദ്ദേഹത്തിന്റെ ഓഫിസിന് മുന്നിലിരിക്കുമ്പോൾ അപ്രതീക്ഷിതമായ കളക്ടർ ശ്രദ്ധിച്ചു. അവരോട് കാര്യങ്ങൾ തിരക്കി. ഉടനടി പരിഹാരം കണ്ടു. പക്ഷേ, കളക്ടറോടാണ് സംസാരിക്കുന്നത് എന്ന് ആ സ്ത്രീക്ക് മനസിലായില്ല. നിലത്തിരുന്ന് ഫയൽ നോക്കുന്ന കളക്ടറുടെ ഫോട്ടോ ഉടൻ വൈറലായി. എല്ലാ മാധ്യമങ്ങളും ഇത് അന്ന് തന്നെ വാർത്തയായി നൽകിയിരുന്നു.
മുൻ സുപ്രിംകോടതി ജഡ്ജി മാർഖണ്ഡേയ കട്ജുവാണ് ഈ വാർത്ത തെറ്റായ രീതിയിൽ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. ഇതിന് പിന്നാലെയാണ് മാധ്യമങ്ങൾ വാർത്ത നൽകുന്നത്. ട്വന്റിഫോറും വാർത്ത നൽകിയിരുന്നു. എന്നാൽ വ്യാജമാണെന്ന് കണ്ടെത്തിയതോടെ വാർത്തയുടെ സത്യാവസ്ഥ നൽകുകയായിരുന്നു.
Story Highlights – old woman, fact check
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here