വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകം : രണ്ടാം പ്രതി അറസ്റ്റിൽ

വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതക കേസിൽ രണ്ടാം പ്രതി അറസ്റ്റിൽ. ബന്ധുവീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് പിടിയിലായത്. കൊലയിൽ ഇയാളുടെ നേരിട്ടുള്ള പങ്ക് അന്വേഷിക്കുന്നതേയുള്ളുവെന്ന് പൊലീസ് പറഞ്ഞു.
അതേസമയം, കേസിൽ സിബിഐ അന്വേഷണ ആവശ്യം ആവർത്തിച്ച് യുഡിഎഫ്് രംഗത്തെത്തി. കൊലപാതകത്തിൽ ഗൂഡാലോചനയുണ്ടെന്ന് ബെന്നി ബെഹനാൻ പറഞ്ഞു. ലാവ്‌ലിൻ കേസ് കോടതി പരിഗണിക്കാനിരിക്കെയാണ് കൊലപാതകം നടക്കുന്നത്. പ്രതികളിൽ സിപിഐഎംകാരുമുണ്ടെന്നും കൊലപാതകികളെ സംരക്ഷിക്കുന്ന നയം കോൺഗ്രസിനില്ലെന്നും ബെന്നി ബഹന്നാൻ കൂട്ടിച്ചേർത്തു.
കൊല്ലപ്പെട്ടവരെ ആക്രമിച്ചത് ഡിവൈഎഫ്‌ഐക്കാർ തന്നെയെന്ന് തിരുവനന്തപുരം ഡിസിസിയും ആരോപിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ആരോപണം. വെഞ്ഞാറമ്മൂട് കൊലപാതകം സിപിഎമ്മിന്റെ രണ്ട് ഗുണ്ടാ ചേരികൾ തമ്മിലുണ്ടായ സംഘർഷത്തിന്റെ ഫലമാണെന്നും നേതാക്കൾ ആരോപിച്ചു. പ്രതികളെ ജാമ്യത്തിലിറക്കാൻ പോയത് സിപിഐഎമ്മുകാരനായ അഭിഭാഷകനാണ്. ചേരിപ്പോരിന്റെ ഫലമായി ഉണ്ടായ കൊലപാതകമാണെന്നും സിസിടിവി ദൃശ്യങ്ങളിലുള്ള പ്രതികളുള്ളത് എഎ റഹീമിന്റെ കസ്റ്റഡിയിലാണെന്നും നേതാക്കൾ ആരോപിച്ചു. കോൺഗ്രസ് നേതാക്കളായ എം.എം.ഹസ്സൻ, കെ എസ് ശബരീനാഥൻ, പാലോട് രവി, നെയ്യാറ്റിൻകര സനൽ എന്നിവർ നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.
Read Also : ഹക്കിനെയും മിഥിലാജിനെയും ആക്രമിച്ചത് ഡിവൈഎഫ്‌ഐക്കാർ : തിരുവനന്തപുരം ഡിസിസി
ഓഗസ്റ്റ് 31ന് പുലർച്ചെയായിരുന്നു തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടിൽ കൊലപാതകം നടന്നത്. കൊല്ലപ്പെട്ട ഡിവൈഎഫ്‌ഐ പ്രവർത്തകരായ മിഥിലാജ് (30) വെമ്പായം സ്വദേശിയും ഹഖ് മുഹമ്മദ് (24) കലിങ്കുംമുഖം സ്വദേശിയുമാണ്. ഹഖ് മുഹമ്മദിന്റെയും, മിഥിലാജിന്റെയും മരണകാരണം നെഞ്ചിലേറ്റ ആഴത്തിലുള്ള കുത്താണെന്നാണ് പോസ്റ്റ്‌മോർട്ടം നിഗമനം. മുഖത്തും തലയിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മുറിവുകളുണ്ട്.
Story Highlights – venjaramoodu murder second culprit ansal arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here