വെഞ്ഞാറമൂട്ടിലേത് ആർഎസ്എസ് മോഡൽ ആസൂത്രിത കൊലപാതകം: പി ജയരാജൻ

വെഞ്ഞാറമ്മൂട്ടിലേത് ആർഎസ്എസ് മോഡൽ ആസൂത്രിത കൊലപാതകം എന്ന് പി ജയരാജൻ. വെഞ്ഞാറമ്മൂട്ടിൽ കൊല്ലപ്പെട്ട മിഥിലാജിന്റെയും ഹഖ് മുഹമ്മദിന്റെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇരട്ടക്കൊലപാതകം കോൺഗ്രസ് നേതാക്കളുടെ അനുഗ്രഹത്തോടെ ആയിരുന്നുവെന്നും കോൺഗ്രസ് സംസ്ഥാനത്ത് വ്യാപകമായി അക്രമം അഴിച്ചുവിട്ട് സിപിഐഎമ്മിന്റെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിക്കുകയാണെന്നും പി ജയരാജൻ പറഞ്ഞു. ഇതിനെ ജനാധിപത്യരീതിയിൽ പ്രതിരോധിക്കുമെന്നും പി.ജയരാജൻ പറഞ്ഞു.
കൊല്ലപ്പെട്ടവരെ ആക്രമിച്ചത് ഡിവൈഎഫ്ഐക്കാർ തന്നെയെന്ന് തിരുവനന്തപുരം ഡിസിസിയും ആരോപിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ആരോപണം. വെഞ്ഞാറമ്മൂട് കൊലപാതകം സിപിഎമ്മിന്റെ രണ്ട് ഗുണ്ടാ ചേരികൾ തമ്മിലുണ്ടായ സംഘർഷത്തിന്റെ ഫലമാണെന്നും നേതാക്കൾ ആരോപിച്ചു. പ്രതികളെ ജാമ്യത്തിലിറക്കാൻ പോയത് സിപിഐഎമ്മുകാരനായ അഭിഭാഷകനാണ്. ചേരിപ്പോരിന്റെ ഫലമായി ഉണ്ടായ കൊലപാതകമാണെന്നും സിസിടിവി ദൃശ്യങ്ങളിലുള്ള പ്രതികളുള്ളത് എഎ റഹീമിന്റെ കസ്റ്റഡിയിലാണെന്നും നേതാക്കൾ ആരോപിച്ചു. കോൺഗ്രസ് നേതാക്കളായ എം.എം.ഹസ്സൻ, കെ എസ് ശബരീനാഥൻ, പാലോട് രവി, നെയ്യാറ്റിൻകര സനൽ എന്നിവർ നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.
ഓഗസ്റ്റ് 31ന് പുലർച്ചെയായിരുന്നു തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടിൽ കൊലപാതകം നടന്നത്. കൊല്ലപ്പെട്ട ഡിവൈഎഫ്ഐ പ്രവർത്തകരായ മിഥിലാജ് (30) വെമ്പായം സ്വദേശിയും ഹഖ് മുഹമ്മദ് (24) കലിങ്കുംമുഖം സ്വദേശിയുമാണ്. ഹഖ് മുഹമ്മദിന്റെയും, മിഥിലാജിന്റെയും മരണകാരണം നെഞ്ചിലേറ്റ ആഴത്തിലുള്ള കുത്താണെന്നാണ് പോസ്റ്റ്മോർട്ടം നിഗമനം. മുഖത്തും തലയിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മുറിവുകളുണ്ട്.
Story Highlights – venjaramoodu RSS model murder alleges P Jayarajan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here