അനീതി കാട്ടിയ യുഡിഎഫുമായി ഇനി സഹകരിക്കില്ലെന്ന് കേരള കോണ്‍ഗ്രസ് എം

അനീതി കാട്ടിയ യുഡിഎഫുമായി ഇനി സഹകരിക്കില്ലെന്ന് കേരള കോണ്‍ഗ്രസ് എം സ്റ്റിയറിംഗ് കമ്മിറ്റി യോഗം. മുന്നണി പ്രവേശം സംബന്ധിച്ച് അധികം വൈകാതെ തീരുമാനം ഉണ്ടാകും. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വിപ്പ് ലംഘിച്ച പി.ജെ. ജോസഫ്, മോന്‍സ് ജോസഫ് എന്നിവരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് പരാതി നല്‍കാനും സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ തീരുമാനമായി. ജോസ് പക്ഷത്തിന്റെ അയോഗ്യത ഭീഷണി ഏല്‍ക്കില്ലെന്ന് പി.ജെ. ജോസഫ് മറുപടി നല്‍കി.
ഔദ്യോഗികപക്ഷം എന്ന അംഗീകാരം ലഭിച്ച ശേഷം നടന്ന ആദ്യ യോഗത്തില്‍ രാഷ്ട്രീയനിലപാട് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായില്ല. എങ്കിലും ഇടതുമുന്നണിയാണ് ലക്ഷ്യമെന്ന് സൂചന നല്‍കി. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് രാഷ്ട്രീയ തീരുമാനം കൈക്കൊള്ളാന്‍ തീരുമാനമെടുത്ത സ്റ്റിയറിംഗ് കമ്മിറ്റി യോഗം യുഡിഎഫുമായി ഇനി സഹകരണം വേണ്ടെന്നും നിലപാടെടുത്തു.
കുട്ടനാട്ടില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് പറഞ്ഞ പി.ജെ. ജോസഫ് ഏതു ചിഹ്നവും, ഏതു പാര്‍ട്ടി മേല്‍വിലാസവും ഉപയോഗിക്കുമെന്ന് ജോസ് കെ. മാണി ചോദിച്ചു. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വിപ്പ് ലംഘിച്ച എംഎല്‍എമാരെ അയോഗ്യരാക്കാന്‍ റോഷി അഗസ്റ്റിന്‍ സ്പീക്കര്‍ക്ക് പരാതി നല്‍കും.
എല്‍ഡിഎഫുമായി ഏകദേശ ധാരണയില്‍ എത്തിയെങ്കിലും, പരമാവധി നേതാക്കളെയും അണികളെയും വിശ്വാസത്തിലെടുത്ത ശേഷം മാത്രമാകും ജോസ് കെ. മാണി മുന്നണി പ്രവേശനം സംബന്ധിച്ച് പ്രഖ്യാപനങ്ങള്‍ നടത്തൂ.
Story Highlights – UDF, Kerala Congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here