ജമാൽ ഖഷോഗി വധക്കേസ്; അഞ്ചുപേർക്ക് 20 വർഷം തടവ് ശിക്ഷ

സൗദി മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയെ കൊലപ്പെടുത്തിയ കേസിൽ 8 പ്രതികൾക്ക് ജയിൽശിക്ഷ. അഞ്ചുപേർക്ക് 20 വർഷവും ഒരാൾക്ക് 10 വർഷവും രണ്ടുപേർക്ക് ഏഴ് വർഷവുമാണ് തടവ്. സൗദി പബ്ലിക് പ്രോസിക്യൂഷനാണ് കേസിൽ അന്തിമവിധി പ്രഖ്യാപിച്ചത്.
2018 ഒക്ടോബർ രണ്ടിനാണ് സൗദി ഭരണകൂടത്തിന്റെ കടുത്ത വിമർശകനായ മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗി, തുർക്കിയിലെ സൗദി കോൺസുലേറ്റിൽ കൊല്ലപ്പെട്ടത്. മൃതദേഹം തുണ്ടം തുണ്ടമാക്കി നശിപ്പിച്ചു കളയുകയായിരുന്നു.
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെതിരെ ആരോപണം ഉയർന്ന കേസിൽ 11 പേർ അറസ്റ്റിലായി. മൂന്ന് പേരെ കുറ്റവിമുക്തരാക്കി. പിതാവിന്റെ ഘാതകർക്ക് മാപ്പ് നൽകുന്നതായി മകൻ സലാഹ് ഖഷോഗി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് പ്രതികളെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കിയത്.
തുർക്കി സ്വദേശിനിയായ കാമുകി ഹാറ്റിസ് സെൻജിസുമായുള്ള വിവാഹത്തിനുള്ള രേഖകൾ ശരിയാക്കാനായാണ് ഖഷോഗി ഇസ്തംബുളിലെ സൗദി കോൺസുലേറ്റിൽ എത്തിയത്. എന്നാൽ, ഹാറ്റിസിന് കോൺസുലേറ്റിനുള്ളിലേക്കു പ്രവേശനം നൽകിയില്ല. 11 മണിക്കൂർ കാത്തിരുന്നിട്ടും ഖഷോഗിയെ കാണാതായതിനെ തുടർന്നു ഹാറ്റിസ് പരാതി നൽകിയതോടെയാണ് കൊലപാതകം വിവരം പുറത്തറിഞ്ഞത്.
സൗദിയിലെ ‘അൽ വതൻ’ ദിനപത്രത്തിന്റെ മുൻ എഡിറ്ററായിരുന്നു ഖഷോഗി, രാജകുടുംബവുമായുള്ള അസ്വാരസ്യങ്ങളെ തുടർന്നാണ് അമേരിക്കയിലേക്ക് പ്രവർത്തനമേഖല മാറ്റിയത്. വാഷിംഗ്ടൻ പോസ്റ്റിൽ കോളമിസ്റ്റായി പ്രവർത്തിക്കവെ, യെമൻ യുദ്ധം, രാജകുടുംബാംഗങ്ങളുടെ അറസ്റ്റ്, വിമർശകരെ അടിച്ചമർത്തുന്ന രീതി, ഖത്തർ ഉപരോധം തുടങ്ങിയ വിഷയങ്ങളിൽ സൗദി ഭരണകൂടത്തിനെതിരെ ഖഷോഗി കടുത്ത വിമർശനങ്ങൾ നടത്തിയിരുന്നു.
Story Highlights – Jamal Khashoggi murder case; Five were sentenced to 20 years in prison
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here