ഇന്ത്യ- ചൈന സംഘർഷം; അതിർത്തിയിൽ വെടിയുതിർത്തിട്ടില്ലെന്ന് ഇന്ത്യൻ സൈന്യം

അതിർത്തിയിൽ വെടിയുതിർത്തിട്ടില്ലെന്ന് ഇന്ത്യൻ സൈന്യം. ചൈന പ്രകോപനമുണ്ടാക്കുന്നുവെന്നും, തെറ്റിധരിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും ഇന്ത്യ വ്യക്തമാക്കി. അതിർത്തിയിൽ ഇന്ത്യൻ സേന പ്രകോപനമുണ്ടാക്കിയെന്നും, വെടിവച്ചെന്നുമുള്ള ചൈനയുടെ ആരോപണം നിഷേധിച്ചുക്കൊണ്ടാണ് കരസേനയുടെ വാർത്താക്കുറിപ്പ്. വ്യാഴാഴ്ച ഇന്ത്യ- ചൈന വിദേശകാര്യ മന്ത്രിമാർ തമ്മിൽ കൂടിക്കാഴ്ച നടക്കാനിരിക്കെയാണ് പ്രശ്‌നങ്ങളെ സങ്കീർണമാക്കുന്ന ആരോപണം ചൈന ഉന്നയിച്ചത്.
കിഴക്കൻ ലഡാക്കിൽ വെടിവെയ്പ്പ് നടന്നതായുള്ള വിവരം പുലർച്ചയോടെയാണ് വാർത്ത ഏജൻസി പുറത്തുവിട്ടത്. ഇതിനിടെ ഇന്ത്യൻ സേന പ്രകോപനമുണ്ടാക്കിയെന്നും, വെടിവച്ചെന്നുമുള്ള ആരോപണവുമായി ചൈന രംഗത്തെത്തി. അതിർത്തിയിൽ ഗുരുതര സാഹചര്യമെന്നും, സൗത്ത് പാംഗോംഗ് സോ തടാകത്തിന് സമീപം ഇന്ത്യ നിയന്ത്രണ രേഖ ലംഘിച്ചുവെന്നും പീപ്പിൾസ് ലിബറേഷൻ ആർമിയുടെ വക്താവ് ആരോപിച്ചു.
എന്നാൽ, ചൈനയുടെ എല്ലാ ആരോപണങ്ങളും ഇന്ത്യ തള്ളി. ഇന്ത്യൻ സൈന്യം വെടിവച്ചിട്ടില്ല. പീപ്പിൾസ് ലിബറേഷൻ ആർമിയാണ് ആകാശത്തേക്ക് വെടിവച്ചത്. ചൈനീസ് സൈന്യത്തിന്റെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടായി. ഇന്ത്യൻ സൈന്യം ഉത്തരവാദിത്തത്തോടെയും പക്വതയോടെയുമാണ് പെരുമാറിയത്. ചൈന തെറ്റിധരിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും കരസേന അറിയിച്ചു. അതിർത്തിയിലെ സ്ഥിതിഗതികൾ സംയുക്ത സേന മേധാവി ബിപിൻ റാവത്ത്, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിനെ ധരിപ്പിച്ചു.
Story Highlights – Indian Army says no shots fired at border
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here