ഇന്ത്യ- ചൈന സംഘർഷം; വിദേശകാര്യമന്ത്രിമാരുടെ കൂടിക്കാഴ്ച ഇന്ന്

അതിർത്തിയിൽ സംഘർഷാവസ്ഥ തുടരുന്നതിനിടെ ഇന്ത്യ- ചൈന വിദേശകാര്യമന്ത്രിമാരുടെ കൂടിക്കാഴ്ച ഇന്ന് നടക്കും. മോസ്‌കോയിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സമ്മേളനത്തിനിടെയാണ് നിർണായക കൂടിക്കാഴ്ച നടക്കുക.
അതേസമയം, അതിർത്തിയിൽ ബ്രിഗേഡ് കമാൻഡർ തല ചർച്ചകൾ പുനഃരാരംഭിച്ചു. അതിർത്തി കടക്കാനുള്ള ചൈനയുടെ ഏത് ശ്രമത്തെയും തടയണമെന്ന് ഫീൽഡ് കമാൻഡേഴ്‌സിന് കരസേന നിർദേശം നൽകി.
അതിർത്തിയിൽ നാല് മാസമായി തുടരുന്ന സംഘർഷത്തിനിടെ ആദ്യമായാണ് ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാർ നേരിട്ട് ചർച്ച നടത്തുന്നത്. മോസ്‌കോയിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സമ്മേളനത്തിനിടെ മൂന്ന് തവണ ഇരുവരും മുഖാമുഖം വരും. വൈകിട്ടാണ് നിർണായക ചർച്ചകൾ നടക്കുക. നാല് മാസം മുൻപുള്ള സ്ഥിതി പുനഃസ്ഥാപിക്കണമെന്ന് ചർച്ചയിൽ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ആവശ്യപ്പെടും.
അതിർത്തിയിലെ വൻസേനാവിന്യാസം ചൈന പിൻവലിക്കണം. ഉഭയകക്ഷി കരാർ പാലിക്കണമെന്നും ഇന്ത്യ ആവശ്യപ്പെടും. അതേസമയം, ചുഷുലിൽ ഇന്നലെ രാവിലെ 11 മുതൽ ഉച്ചയ്ക്ക് 3 മണി വരെ ബ്രിഗേഡ് കമാൻഡർ തല ചർച്ച നടന്നുവെന്ന് കരസേന വൃത്തങ്ങൾ അറിയിച്ചു. തിങ്കളാഴ്ചത്തെ സംഭവങ്ങൾക്ക് ശേഷമുള്ള ആദ്യ ചർച്ചയാണിത്. കോർപ്‌സ് കമാൻഡർ തലത്തിൽ ചർച്ച പുനഃരാരംഭിക്കാനും ധാരണയായി. അതിർത്തി കടക്കാനുള്ള ചൈനയുടെ ഏത് ശ്രമത്തെയും തടയണമെന്ന് ഫീൽഡ് കമാൻഡേഴ്‌സിന് കരസേന നിർദേശം നൽകി. അതിർത്തി സംരക്ഷിക്കുമ്പോൾ തന്നെ ട്രൂപ്പുകളെ കടുത്ത അച്ചടക്കത്തിൽ നിലനിർത്തണം. പട്രോളിംഗ് നടത്തുമ്പോൾ ശക്തി പ്രകടനങ്ങളോ, അമിത ബലപ്രയോഗമോ പാടില്ലെന്നും കർശന നിർദേശം നൽകി.
Story Highlights – india china conflict,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here