വാഹന അപകട കേസുകളില്‍ കോടതിവിധി നടപ്പാക്കുന്നതില്‍ വീഴ്ചവരുത്തിയാല്‍ പിഴ

വാഹന അപകട കേസുകളില്‍ കോടതിവിധി നടപ്പാക്കുന്നതില്‍ വീഴ്ചവരുത്തുന്ന സര്‍ക്കാര്‍ അഭിഭാഷകരില്‍ നിന്നും ഉദ്യോഗസ്ഥരില്‍ നിന്നും പിഴ ഈടാക്കാന്‍ തീരുമാനം. വിധി നടപ്പാക്കാത്തതിനാല്‍ പലിശയിനത്തില്‍ ഭീമമായ തുക നഷ്ടപ്പെടുന്നതിനാലാണ് സര്‍ക്കാര്‍ പുതിയ തീരുമാനമെടുത്തത്. കേസ് നടത്തിപ്പില്‍ വീഴ്ചയുണ്ടാകില്ലെന്നും സര്‍ക്കാരിനു പലിശ ഇനത്തില്‍ തുക നല്‍കേണ്ടി വന്നില്ലെന്നും ഇവര്‍ സത്യവാങ്മൂലം നല്‍കണമെന്നും വ്യക്തമാക്കി ധനകാര്യ വകുപ്പ് സര്‍ക്കുലിറക്കി.

സര്‍ക്കാര്‍ എതിര്‍കക്ഷികളാകുന്ന വാഹനഅപകട കേസുകളില്‍ വിധി വന്നശേഷം വിധി പകര്‍പ്പ് ഇന്‍ഷ്വറന്‍സ് വകുപ്പിനു കൈമാറുന്നതില്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ വീഴ്ച വരുത്തുന്നതായി സര്‍ക്കാര്‍ കണ്ടെത്തി. വിധി പകര്‍പ്പ് ലഭ്യമാക്കി നടപടികള്‍ പൂര്‍ത്തീകരിച്ച് വിധിതുക കോടതിയില്‍ കെട്ടിവയ്ക്കുന്നതില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും നിരന്തരം വീഴ്ചയുണ്ടാകുന്നു. ഇതിലൂടെ സര്‍ക്കാരിനു പലിശ ഇനത്തില്‍ ഭീമമായ തുക കോടതിയില്‍ കെട്ടിവയ്‌ക്കേണ്ടി വരികയാണ്. ഇതു അംഗീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് ധനകാര്യ വകുപ്പ് പുതിയ ഉത്തരവിറക്കിയത്. കോടതിവിധി നടപ്പാക്കാത്തതു കാരണം സര്‍ക്കാരിനു പലിശയിനത്തിലുണ്ടാകുന്ന നഷ്ടം സര്‍ക്കാര്‍ അഭിഭാഷകരില്‍ നിന്നും ഉദ്യോഗസ്ഥരില്‍ നിന്നും തിരിച്ചുപിടിക്കാനാണു തീരുമാനം. സര്‍ക്കാരിനുണ്ടാകുന്ന നഷ്ടം ഇവരുടെ വ്യക്തിഗത ബാധ്യതയായി കണക്കാക്കാക്കിയാകും നടപടി. കൂടാതെ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കും. ഇതിനു പുറമെ അഭിഭാഷകരും ഉദ്യോഗസ്ഥരും സത്യവാങ്മൂലം നല്‍കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേസ് നടത്തിപ്പില്‍ വീഴ്ചയുണ്ടായില്ലെന്നും ഇതിലൂടെ സര്‍ക്കാരിനു പലിശയിനത്തില്‍ തുക നല്‍കേണ്ടി വന്നില്ലെന്നുമുള്ള സത്യവാങ്മൂലമാണ് നടപടിക്രമത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്തേണ്ടത്.

Story Highlights Vehicle accident case; Penalty for failure to comply with court order

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top