മന്ത്രി കെ ടി ജലീലിനെ ചോദ്യം ചെയ്യാൻ കസ്റ്റംസും

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യും. നയതന്ത്ര പാഴ്സൽ വഴി മതഗ്രന്ഥങ്ങൾ കൊണ്ടുവന്നതുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ. മന്ത്രിക്ക് കസ്റ്റംസ് ഉടൻ നോട്ടിസ് നൽകുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മന്ത്രിയെ ചോദ്യം ചെയ്തിരുന്നു. എന്നാൽ ഏജൻസിയുടെ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരമല്ല മന്ത്രി നൽകിയതെന്നാണ് വിവരം.
Read Also : മലയാളം സർവകലാശാല ഭൂമി വിവാദം; കെ ടി ജലീൽ അടക്കമുള്ളവരുടെ പങ്ക് അന്വേഷിക്കണമെന്ന് മുസ്ലീം ലീഗ്
അതേസമയം പ്രതിപക്ഷ സംഘടനകൾ മന്ത്രിയുടെ രാജിക്കായി നടത്തുന്ന പ്രതിഷേധങ്ങൾ തുടരുകയാണ്. ഇന്നലെ രാത്രി വൈകിയും പ്രതിഷേധമുണ്ടായി. സെക്രട്ടേറിയറ്റിന് മുന്നിൽ നടത്ത പ്രതിഷേധം സംഘർഷത്തിലാണ് കലാശിച്ചത്. ധാർമികതയുണ്ടെങ്കിൽ കെ ടി ജലീൽ രാജി വയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മന്ത്രി രാജി വയ്ക്കും വരെ പ്രതിഷേധിക്കുമെന്ന് പ്രഖ്യാപിച്ച ബിജെപി ഇന്ന് സംസ്ഥാനത്ത് കരിദിനം ആചരിക്കുന്നുണ്ട്.
സ്വർണക്കടത്ത് കേസിൽ കെ ടി ജലീലിനെയും ബിനീഷ് കോടിയേരിയെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. ഇരുവരിൽ നിന്നും പ്രാഥമിക വിവരങ്ങൾ മാത്രമാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തേടിയിട്ടുള്ളത്. മന്ത്രി ജലീലിനേയും, ബിനീഷിനേയും വീണ്ടും ചോദ്യം ചെയ്യാൻ അന്വേഷണസംഘം വിളിപ്പിക്കും.
മതഗ്രന്ഥങ്ങൾ എടപ്പാളിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെ സിഡാക്കിന്റെ വാഹനത്തിലെ ജിപിഎസ് അപ്രത്യക്ഷമായതിൽ ദുരൂഹത നിലനിൽക്കുന്നതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംശയിക്കുന്നു. ഇക്കാര്യത്തിൽ മന്ത്രിക്ക് കൃത്യമായ മറുപടി നൽകാൻ കഴിഞ്ഞിട്ടില്ല. ഇതിൽ വ്യക്തത വരുത്തിയ ശേഷമാവും ജലീലിനെ വീണ്ടും ചോദ്യം ചെയ്യുക.
Story Highlights – kt jaleel, customs, gold smuggling
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here