പരീക്ഷകൾ കൃത്യസമയത്ത് നടത്തുന്നില്ല; എംജി സർവകലാശാലയ്ക്ക് എതിരെ വിദ്യാർത്ഥികൾ

പരീക്ഷകൾ കൃത്യസമയത്ത് നടത്താത്ത എം ജി സർവകലാശാലയുടെ നടപടിക്കെതിരെ രണ്ടാം വർഷ നിയമ വിദ്യാർത്ഥികൾ രംഗത്ത്. ഒന്നാം സെമസ്റ്റർ പരീക്ഷ കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞിട്ടും റിസൾട്ട് പ്രഖ്യാപിച്ചില്ലെന്നും അഞ്ചാം സെമസ്റ്ററിലേക്ക് കടന്നിട്ടും മറ്റ് സെമസ്റ്റർ പരീക്ഷകൾ നടത്തിയിട്ടില്ലെന്നുമാണ് വിദ്യാർത്ഥികളുടെ ആരോപണം.
സർവകലാശാലയ്ക്ക് കീഴിലുള്ള ഏഴ് ലോ കോളജുകളിലെ ആയിരത്തോളം വരുന്ന രണ്ടാം വർഷ നിയമ വിദ്യാർത്ഥികളാണ് യുണിവേഴ്‌സിറ്റിക്കെതിരെ ആരോപണമുന്നയിക്കുന്നത്. ഒന്നാം സെമസ്റ്റർ പരീക്ഷ കഴിഞ്ഞ് ഒരുവർഷവും രണ്ട് മാസവും പിന്നിട്ടിട്ടും പരീക്ഷാഫലം പ്രഖ്യാപിച്ചിട്ടില്ല.
Read Also : നീറ്റ് പരീക്ഷ ഇന്ന്
ഇപ്പോൾ നാലാം സെമസ്റ്റർ കഴിഞ്ഞ് അഞ്ചാം സെമസ്റ്ററിലേക്ക് കടക്കുമ്പോഴും 2, 3 സെമസ്റ്ററുകളിലെ പരീക്ഷകൾ നടത്താൻ യൂണിവേഴ്‌സിറ്റി തയാറായിട്ടില്ല. പരീക്ഷകൾ കൃത്യസമയത്ത് നടത്തിയില്ലെങ്കിൽ അധ്യയന കാലാവധി നീണ്ടുപോകുമോ എന്നും പരീക്ഷകൾ ഒരുമിച്ച് നടത്തുന്ന അവസ്ഥയുണ്ടായാൽ അത് റിസൾട്ടിനെ സാരമായി ബാധിക്കുമോ എന്നുമുള്ള ആശങ്കയിലാണ് വിദ്യാർത്ഥികൾ.
ഈ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി നിരവധി തവണ അധികാരികൾക്ക് പരാതികൾ സമർപ്പിച്ചുവെങ്കിലും ആരുടെ ഭാഗത്ത് നിന്ന് ഇതുവരെയും മറുപടി ലഭിച്ചിട്ടില്ല. എത്രയും പെട്ടെന്ന് പരീക്ഷകൾ കൃത്യസമയത്ത് നടത്താനുള്ള നടപടികൾ യൂണിവേഴ്‌സിറ്റിയുടെ ഭാഗത്ത് നിന്ന് ഉണ്ടാവണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.
Story Highlights – mg university, law students
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here