കനത്ത പ്രതിഷേധങ്ങള്‍ക്കിടെ മന്ത്രി കെ.ടി. ജലീല്‍ തിരുവനന്തപുരത്തെത്തി

പ്രതിപക്ഷത്തിന്റെ കനത്ത പ്രതിഷേധങ്ങള്‍ക്കിടെ മന്ത്രി കെ.ടി. ജലീല്‍ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ എത്തി. വഴിയിലുടനീളം യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ചു. രണ്ടിടങ്ങളില്‍ മന്ത്രിയുടെ വാഹനത്തിന് നേരെ ചീമുട്ടയെറിഞ്ഞു.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ ചോദ്യം ചെയ്യലിനു ശേഷം വളാഞ്ചേരിയിലെ വീട്ടില്‍ രണ്ടു ദിവസം കഴിഞ്ഞ കെ.ടി. ജലീല്‍ നാലുമണിയോടെയാണ് തിരുവനന്തപുരത്തേക്ക് തിരിച്ചത്. മന്ത്രിയുടെ വീടിന്റെ ഗേറ്റിന് മുന്നില്‍ നിന്നു തുടങ്ങി പ്രതിഷേധങ്ങള്‍. മലപ്പുറത്തും, തൃശൂരും, എറണാകുളത്തും വിവിധയിടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചു. ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രിയുടെ വാഹനത്തിന് നേരെ ചീമുട്ടയെറിഞ്ഞു. തുടര്‍ന്ന് റോഡില്‍ കുത്തിയിരുന്ന പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കി.
കരുനാഗപ്പള്ളിയില്‍ യുവമോര്‍ച്ചാ പ്രവര്‍ത്തകരും വാഹനങ്ങള്‍ക്കു നേരെ ചീമുട്ടയെറിഞ്ഞു. പാരിപ്പള്ളിയില്‍ മറ്റൊരു വാഹനം റോഡിലിട്ട് വഴി തടസപ്പെടുത്താന്‍ ശ്രമിച്ചു. തിരുവനന്തപുരത്തെ ഔദ്യേഗിക വസതിക്കു മുന്നിലെ പ്രതിഷേധം സംഘര്‍ഷത്തിലേക്ക് വഴിമാറി. പൊലീസ് ലാത്തിവീശുകയും യൂത്ത് കോണ്‍ഗ്രസ് യുവമോര്‍ച്ച പ്രവര്‍ത്തകരുമായി ഉന്തും തള്ളും ഉണ്ടാവുകയും ചെയ്തു.
Story Highlights – minister kt jaleel
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here