ഓസ്ട്രേലിയയ്ക്ക് അവസാന 8 വിക്കറ്റുകൾ നഷ്ടമായത് 63 റൺസിന്; അവിശ്വസനീയ ജയവുമായി ഇംഗ്ലണ്ട്

ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ അവിശ്വസനീയ ജയവുമായി ഇംഗ്ലണ്ട്. 24 റൺസിന് ഓസ്ട്രേലിയയെ തോല്പിച്ച ഇംഗ്ലണ്ട് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 1-1 എന്ന നിലയിൽ സമനിലയിൽ പിടിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 9 വിക്കറ്റ് നഷ്ടത്തിൽ 231 റൺസെടുത്തപ്പോൾ ഓസ്ട്രേലിയ 207 റൺസിന് എല്ലാവരും പുറത്തായി. വാലറ്റത്തിൻ്റെ ബാറ്റിംഗ് പ്രകടനവും കൃത്യതയാർന്ന ബൗളിംഗുമാണ് ഇംഗ്ലണ്ടിന് ഗംഭീര ജയമൊരുക്കിയത്. 3 വിക്കറ്റ് വീഴ്ത്തിയ ജോഫ്ര ആർച്ചർ ആണ് മത്സരത്തിലെ താരം.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിൻ്റെ തുടക്കം മികച്ചതായിരുന്നില്ല. സ്കോർബോർഡിൽ 20 റൺസ് ആയപ്പോഴേക്കും ജോണി ബെയർസ്റ്റോ പൂജ്യനായി മടങ്ങി. സ്റ്റാർക്കിൻ്റെ പന്തിൽ അലക്സ് കാരി പിടിച്ചായിരുന്നു ഇംഗ്ലണ്ട് ഓപ്പണർ പുറത്തായത്. 22 പന്തുകളിൽ 21 റൺസെടുത്ത് മികച്ച രീതിയിൽ ബാറ്റ് ചെയ്തിരുന്ന ജേസൻ റോയ് മാർക്കസ് സ്റ്റോയിനിസിൻ്റെ നേരിട്ടുള്ള ഏറിൽ റണ്ണൗട്ടായി. മൂന്നാം വിക്കറ്റിൽ ജോ റൂട്ട്-ഓയിൻ മോർഗൻ സഖ്യം 61 റൺസ് കൂട്ടിച്ചേർത്തു. തൻ്റെ ആദ്യ ഓവറിൽ സാംബ റൂട്ടിനെ (39) കാരിയുടെ കൈകളിലെത്തിച്ച് ഈ കൂട്ടുകെട്ട് തകർത്തു. ബട്‌ലർ (3) കമ്മിൻസിൻ്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങി. പിന്നാലെ മോർഗനെ (42) സാംബ വിക്കറ്റിനു മുന്നിൽ കുടുക്കി. കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറി ഹീറോ സാം ബില്ലിങ്സിനെ (8) സാംബ ക്ലീൻ ബൗൾഡാക്കി. സാം കറൻ (1) സ്റ്റാർക്കിൻ്റെ പന്തിൽ അലക്സ് കാരിയുടെ കൈകളിൽ അവസാനിച്ചു. ഭേദപ്പെട്ട രീതിയിൽ ബാറ്റ് ചെയ്തു കൊണ്ടിരുന്ന ക്രിസ് വോക്സ് (26) ജോഷ് ഹേസിൽവുഡിന് ആദ്യ വിക്കറ്റ് സമ്മാനിച്ച് മടങ്ങി. വിക്കറ്റ് കീപ്പർ അലക്സ് കാരിയാണ് വോക്സിനെ കൈപ്പിടിയിൽ ഒതുക്കിയത്.
40.1 ഓവറിൽ 149/8 എന്ന നിലയിൽ ടോം കറനും ആദിൽ റഷീദും ക്രീസി, ഒത്തുചേർന്നു. ഓസീസ് ബൗളർമാരെ അനായാസം നേരിട്ട ഇരുവരും ചേർന്ന് 9ആം വിക്കറ്റിൽ വിലപ്പെട്ട 76 റൺസാണ് കൂട്ടിച്ചേർത്തത്. അവസാന ഓവറിൽ 37 റൺസെടുത്ത ടോം കറൻ്റെ കുറ്റി പിഴുത് മിച്ചൽ മാർഷ് ആണ് കൂട്ടുകെട്ട് പൊളിച്ചത്. ആദിൽ റഷീദ് (35), ജോഫ്ര ആർച്ചർ (6) എന്നിവർ പുറത്താവാതെ നിന്നു.
Read Also : ഇംഗ്ലണ്ടിൽ നിന്ന് 22 താരങ്ങളെ യുഎഇയിലേക്ക് കൊണ്ടുവരാൻ ഐപിഎൽ ടീമുകൾ മുടക്കുന്നത് ഒരു കോടിയോളം രൂപ
മറുപടി ബാറ്റിംഗിൽ ഓസ്ട്രേലിയയുടെയും തുടക്കം തകർച്ചയോടെയായിരുന്നു. ആർച്ചറുടെ പന്തിൽ ജോസ് ബട്‌ലർക്ക് പിടികൊടുത്ത് ഡേവിഡ് വാർണർ മടങ്ങുമ്പോൾ സ്കോർബോർഡിൽ 9 റൺസ്. പിന്നാലെ മാർക്കസ് സ്റ്റോയിനിസും (9) ജോഫ്ര-ബട്‌ലർ സഖ്യത്തിനു മുന്നിൽ വീണു. മൂന്നാം വിക്കറ്റിൽ മാർനസ് ലെബുഷെയ്‌ൻ-ആരോൺ ഫിഞ്ച് സഖ്യം അനായാസം സ്കോർ ഉയർത്താൻ തുടങ്ങി. ഇരുവരും ചേർന്ന് 107 റൺസിൻ്റെ കൂട്ടുകെട്ടാണ് ഉയർത്തിയത്. 31ആം ഓവറിൽ 48 റൺസെടുത്ത ലെബുഷെയ്നെ ക്രിസ് വോക്സ് വിക്കറ്റിനു മുന്നിൽ കുടുക്കിയതോടെയാണ് ഓസീസിൻ്റെ തകർച്ച തുടങ്ങിയത്. 30.5 ഓവറിൽ 144/3 എന്നതായിരുന്നു സ്കോർ.
മിച്ചൽ മാർഷിൻ്റെ (1) കുറ്റി തെറിപ്പിച്ച് ആർച്ചർ മത്സരത്തിലെ മൂന്നാം വിക്കറ്റ് വീഴ്ത്തി. ഫിഞ്ച് (73), ഗ്ലെൻ മാക്സ്‌വൽ (1) എന്നിവരെ വോക്സ് ക്ലീൻ ബൗൾഡാക്കി. സ്കോർ 34.1 ഓവറിൽ 147/6. അടുത്തത് സാം കറൻ്റെ ഊഴമായിരുന്നു. പാറ്റ് കമ്മിൻസ് (11), മിച്ചൽ സ്റ്റാർക്ക് (0), ആദം സാംബ (2) എന്നിവരാണ് സാം കറനു മുന്നിൽ കീഴടങ്ങിയത്. കമ്മിൻസ് ബൗൾഡായപ്പോൾ സ്റ്റാർക്കിനെ ബട്‌ലറും സാംബയെ ആർച്ചറും പിടികൂടി. ആദിൽ റഷീദ് എറിഞ്ഞ അവസാന ഓവറിൽ അലക്സ് കാരിയെ (36) ജോസ് ബട്‌ലർ സ്റ്റമ്പ് ചെയ്തതോടെ ഓസ്ട്രേലിയ ഓൾ ഔട്ട്.
Story Highlights – England Defeated Australia in 2nd ODI
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here