മലബാര്‍ ക്യാന്‍സര്‍ സെന്ററിനെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തും: മുഖ്യമന്ത്രി

Malabar Cancer Center to be upgraded to international standards: CM

കേരളത്തിലെ മുന്‍നിര ക്യാന്‍സര്‍ സെന്ററുകളിലൊന്നായ മലബാര്‍ ക്യാന്‍സര്‍ സെന്ററിനെ രാജ്യാന്തര നിലവാരത്തിലേക്കുയര്‍ത്തുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലബാര്‍ ക്യാന്‍സര്‍ സെന്ററിനെ പി.ജി. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സ് ആന്റ് റിസര്‍ച്ച് എന്ന നിലയില്‍ വികസിപ്പിക്കുന്നതിനുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനം വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മലബാര്‍ ക്യാന്‍സര്‍ സെന്ററിനെ ശക്തിപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. പുതിയ പദ്ധതികള്‍ യാഥാര്‍ത്ഥ്യമായതോടെ കൂടുതല്‍ കാര്യക്ഷമതയോടെയുള്ള ചികിത്സയും രോഗനിര്‍ണയവും സാധ്യമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 50 കോടി രൂപയുടെ പദ്ധതികളാണ് ഇതിനകം പൂര്‍ത്തീകരിച്ചത്. പീഡിയാട്രിക് ഹെമറ്റോളജി, ഓങ്കോളജി ബ്ലോക്ക്, വിപുലീകരിച്ച കാന്റീന്‍, ന്യൂക്ലിയര്‍ മെഡിസിന്‍ ബ്ലോക്ക്, ലബോറട്ടറി ബ്ലോക്ക്, കാത്ത്‌ലാബ് യൂണിറ്റ്, 64 സ്ലൈസ് സി.ടി. സ്‌കാനര്‍, സ്‌പെക്ട് സി.ടി. സ്‌കാനര്‍ എന്നീ സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയത്.

കുട്ടികളിലെ കാന്‍സര്‍ ചികിത്സയില്‍ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കുമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് കുട്ടികളുടെ മാനസികോല്ലാസത്തിന് മുന്‍തൂക്കം നല്‍കിയാണ് പീഡിയോട്രിക് ബ്ലോക്ക് സജ്ജീകരിച്ചിരിക്കുന്നത്. കളിസ്ഥലം, ഗ്രന്ഥശാല, സിനിമാ തിയറ്റര്‍ എന്നിവയും കുട്ടികള്‍ക്കുള്ള കീമോതെറാപ്പി വാര്‍ഡിനു സമീപത്തുണ്ട്. ഇതിനുപുറമെ 114 കോടി രൂപയുടെ പുതിയ പദ്ധതികളുടെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. സ്റ്റുഡന്‍സ് ഹോസ്റ്റല്‍, റേഡിയേഷന്‍ ഓങ്കോളജി ബ്ലോക്ക് വിപുലീകരണം എന്നിവയാണ് പുതിയതായി നടപ്പാക്കുന്ന പദ്ധതികള്‍. ഇതില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായുള്ള ഹോസ്റ്റലില്‍ മൂന്നൂറോളം പേര്‍ക്ക് താമസിക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജീവനക്കാരുടെ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കുമായുള്ള പ്രത്യേകം കെയര്‍ സെന്ററുകളും ഇതിന്റെ ഭാഗമായുണ്ടാകും. സര്‍ക്കാര്‍ മേഖലയില്‍ കുട്ടികളുടെ മജ്ജ മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്ന ഏക സ്ഥാപനവും മലബാര്‍ ക്യാന്‍സര്‍ സെന്ററാണെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യമന്ത്രി കെ.കെ. ശൈലജ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

Story Highlights Malabar Cancer Center to be upgraded to international standards: CM

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top