Advertisement

കെല്‍ട്രോണ്‍ വെന്റിലേറ്റര്‍ നിര്‍മാണ രംഗത്തേക്ക് ; എസ്ബിഎം ടിയുമായി കരാര്‍ ഒപ്പിട്ടു

September 15, 2020
1 minute Read
Keltron starts ventilator manufacturing

കേരളാ സ്റ്റേറ്റ് ഇലക്ട്രോണിക്‌സ് ഡവലപ്മെന്റ് കോര്‍പറേഷന്‍ (കെല്‍ട്രോണ്‍) വെന്റിലേറ്റര്‍ നിര്‍മാണം ആരംഭിക്കും. സാങ്കേതികവിദ്യ കൈമാറ്റത്തിനുള്ള കരാര്‍ കെല്‍ട്രോണും ഡിഫന്‍സ് റിസര്‍ച്ച് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന് (ഡിആര്‍ഡിഒ) കീഴിലെ മെഡിക്കല്‍ സൊസൈറ്റി ഫോര്‍ ബയോമെഡിക്കല്‍ ടെക്‌നോളജി (എസ്ബിഎംടി) യും ഒപ്പുവെച്ചു. ഒരു വര്‍ഷത്തിനകം വെന്റിലേറ്റര്‍ വിപണിയില്‍ ഇറക്കാനാകും.

വെന്റിലേറ്ററിന്റെ രൂപകല്‍പ്പന, എംബഡഡ്ഡ് സിസ്റ്റം ഡിസൈന്‍, മെക്കാനിക്കല്‍ മൊഡ്യൂള്‍ നിര്‍മാണം, സോഫ്റ്റ്വെയര്‍ കോഡിംഗ് എന്നിവ കെല്‍ട്രോണ്‍ നടത്തും. ഗുണനിലവാര പരിശോധനകള്‍ക്ക് വിധേയമാക്കി സര്‍ട്ടിഫിക്കേഷനുകള്‍ നേടിയെടുത്ത ശേഷം വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മാണം തുടങ്ങും. തിരുവനന്തപുരം കരകുളത്തെ കെല്‍ട്രോണ്‍ എക്യുപ്‌മെന്റ് കോംപ്ലെക്‌സിലെ സ്ട്രാറ്റജിക് ഇലക്ട്രോണിക്‌സ് ഗ്രൂപ്പിനാണ് പദ്ധതിയുടെ ചുമതല.

നിലവില്‍ അള്‍ട്രാവയലറ്റ് ബാഗേജ് അണുനശീകരണ സംവിധാനം, മള്‍ട്ടി പ്രോബ് തെര്‍മ്മല്‍ സ്‌കാനര്‍, ഹാന്‍ഡ് ഹെല്‍ഡ് തെര്‍മ്മല്‍ പ്രോബ്, പേപ്പര്‍ ഡിസിന്‍ഫെക്ടര്‍ എന്നിവ കെല്‍ട്രോണ്‍ അരൂര്‍ യൂണിറ്റില്‍ നിര്‍മിക്കുന്നുണ്ട്. പത്തു വര്‍ഷത്തേക്ക് സൗജന്യമായി സാങ്കേതികവിദ്യ ഉപയോഗിക്കാനാകും. അതിനു ശേഷം ചെറിയ ശതമാനം റോയല്‍റ്റി ഫീസായി കെല്‍ട്രോണ്‍ എസ്ബിഎംടിക്ക് നല്‍കണം.

കൊവിഡ് പശ്ചാത്തലത്തില്‍ ആവശ്യമായ സുരക്ഷാ, മെഡിക്കല്‍ ഉപകരണങ്ങള്‍ തദ്ദേശീയമായി നിര്‍മിക്കാന്‍ വ്യവസായ മന്ത്രി ഇപി ജയരാജന്‍ പൊതുമേഖലാ സ്ഥാപനങ്ങളോട് നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് സാങ്കേതികവിദ്യ ലഭ്യമാക്കാന്‍ വിഎസ്എസ്‌സി, ഡിആര്‍ഡിഒ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുമായി കെല്‍ട്രോണ്‍ ബന്ധപ്പെട്ടുകയായിരുന്നു.

Story Highlights Keltron starts ventilator manufacturing

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top