എണ്ണമറ്റ പുരാവസ്തു ശേഖരവുമായി തൃശൂർ സ്വദേശി

ചരിത്രത്തിന്റെ കാവലാളായി ഒരാളുണ്ട് തൃശൂർ നമ്പഴിക്കാട്ടിൽ. ആന്റണി ചിറ്റാട്ടുകര എന്ന 80 വയസുകാരൻ. പുരാവസ്തു ശേഖരണത്തിന്ന് ഒരു ജീവിതം തന്നെ മാറ്റിവച്ചിരിക്കുകയാണ് ഈ മനുഷ്യൻ. തന്റെ ഈ സമ്പാദ്യം പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് സംരക്ഷിക്കണമെന്നാണ് ആന്റണി മാഷിന്റെ ആഗ്രഹം.
ഈ 80 വയസുകാരന്റെ പുരാവസ്തു ശേഖരം കണ്ടാൽ ആരും ഒന്നമ്പരക്കും. പുരാവസ്തുക്കളെ അമൂല്യ വസ്തുക്കളായി കാണുന്ന ആന്റണി മാസ്റ്ററുടെ ഒരായുസിന്റെ സമ്പാദ്യമാണ് ഈ ചരിത്രാവശേഷിപ്പുകൾ. ആന്റണി മാസ്റ്ററുടെ ശേഖരത്തിലെ അപൂർവതകൾ എണ്ണമറ്റതാണ്. പല വലുപ്പത്തിലും മാതൃകയിലുമുള്ള നടരാജ വിഗ്രഹങ്ങൾ, കാലങ്ങളെ അടയാളപ്പെടുത്തുന്ന നൂറുകണക്കിന്ന് വിളക്കുകൾ, പെട്രോമാക്‌സുകൾ, ക്ലോക്കുകൾ, പുസ്തകങ്ങൾ… തുടങ്ങി ചരിത്രത്തെ അടയാളപ്പെടുത്തുന്ന ഒട്ടനവധി ശേഖരങ്ങളുണ്ട് പുല്ലാനിക്കുന്നെ വീട്ടിൽ.
ചൈനയിലെ മിൻ രാജ വംശത്തിന്റെ കാലത്ത് ഉപയോഗിച്ചിരുന്ന നീല പാത്രങ്ങളാണ് മറ്റൊരു അമൂല്യവസ്തു. അന്താരാഷ്ട്ര വിപണിയിൽ വലിയ വിലമതിക്കുന്നതാണ് ചൈനയിൽ നിന്നുള്ള ബ്ലു പോട്ടറികൾ. ആദ്യ മലയാള നോവൽ ഇന്ദുലേഖ തുടങ്ങി പല അപൂർവ പുസ്തകങ്ങളുടെയടക്കം ആദ്യ എഡിഷനുകളുടെ കോപ്പികളും ആന്റണി മാഷിന്റെ ശേഖരത്തിലെ മറ്റൊരു പ്രത്യേകതയാണ്.
കേരളത്തിന്റെ പുരാവസ്തു ശേഖരത്തിലേക്ക് ഒരു അമൂല്യ മുതൽ കൂട്ടാകും ഈ ശേഖരങ്ങൾ എന്ന് പുരാവസ്തു ഗവേഷകർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. തനിക്ക് ശേഷം ഈ പുരാവസ്തുക്കൾക്ക് എന്ത് സംഭവിക്കും എന്ന വേവലാതിയിലാണ് ആന്റണി മാഷിനിപ്പോൾ. തന്റെ ഒരായുസിന്റ സമ്പാദ്യം പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് സംരക്ഷിക്കണമെന്നാണ് ആന്റണി മാഷിന്റെ ആഗ്രഹം.
Story Highlights – thrissure innumerable archeological collections
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here