ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ്; പ്രതിഷേധം ശക്തമാകുന്നു

mc kamarudheen

മഞ്ചേശ്വരം എംഎൽഎ എം സി കമറുദ്ദീൻ പ്രതിയായ ഫാഷൻ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ പ്രതിഷേധം ശക്തമാകുന്നു. എംഎൽഎയുടെ രാജി ആവശ്യപ്പെട്ടാണ് ജില്ലയിൽ എൽഡിഎഫും ബിജെപിയും പ്രതിഷേധം കടുപ്പിക്കുന്നത്. കമറുദ്ദീന്റെ തൃക്കരിപ്പൂരിലെ വീട്ടിലേക്ക് ബിജെപി ജില്ലാ നേതൃത്വം ഇന്ന് മാർച്ച് നടത്തും.

കേസിൽ പ്രതിയായ എം സി കമറുദ്ദീനെതിരെ ഒരോ ദിവസവും പ്രതിഷേധം കൂടുതൽ ശക്തമാവുകയാണ്. പ്രശ്‌ന പരിഹാരത്തിനായി മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വത്തിന്റെ നിർദേശപ്രകാരമുള്ള ചർച്ചകൾ സജീവമായി നടക്കുകയാണ്. ഇതിനിടെയാണ് വിഷയത്തിൽ രാഷ്ട്രീയമായ പ്രതിരോധം തീർക്കാനുള്ള നീക്കവുമായി എൽഡിഎഫും ബിജെപിയും രംഗത്തെത്തുന്നത്.

Read Also : കമറുദ്ദീൻ എംഎൽഎ ഉൾപ്പെട്ട ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ്; മധ്യസ്ഥ ചർച്ച ആരംഭിച്ചു

കമറുദ്ദീന്റെ രാജി ആവശ്യപ്പെട്ടാണ് ഇരു പാർട്ടികളുടെയും പ്രതിഷേധം. എംഎൽഎയുടെ തൃക്കരിപ്പൂരിലെ വീട്ടിലേക്ക് ബിജെപി ജില്ലാ നേതൃത്വം മാർച്ച് സംഘടിപ്പിക്കുന്നത്.

മുസ്ലിം ലീഗിന്റെ ഉന്നത നേതാവെന്ന സ്വാധീനവും എംഎൽഎ പദവിയും ദുരുപയോഗം നടത്തി കമറുദ്ദീൻ തട്ടിപ്പ് നടത്തിയെന്നാണ് ഇടത് മുന്നണിയുടെ ആക്ഷേപം. എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് ജില്ലയിലെ 20 കേന്ദ്രങ്ങളിൽ ഇന്ന് ജനകീയ വിചാരണ സംഘടിപ്പിക്കും. മഞ്ചേശ്വരം മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലും മറ്റ് പ്രധാന കേന്ദ്രങ്ങളിലും പരിപാടി നടക്കും.

അതേസമയം വിഷയത്തിൽ മുസ്ലിം ലീഗ് ജില്ലാ ട്രഷറർ കല്ലട്ര മാഹിന്റെ നേതൃത്വത്തിൽ മധ്യസ്ഥ ചർച്ചകൾ നടക്കുന്നതിനാൽ പുതിയ പരാതികളുമായി എത്തുന്നവരുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്. 15 ദിവസത്തിനകം ആസ്തി സംബന്ധിച്ച കണക്ക് തയാറാക്കിയ ശേഷമാണ് ബാധ്യത തിട്ടപ്പെടുത്തുക. അതിനിടെ ചർച്ചക്കിടെ കയ്യാങ്കളിയുണ്ടായതും ഗുരുതരമായ ആക്ഷേപത്തിനാണ് വഴിവച്ചത്.

Story Highlights mc kamarudheen, fashion jewellery scam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top