വയോമിത്രം പദ്ധതിയ്ക്ക് രണ്ടു കോടി രൂപ അനുവദിച്ചു

വയോമിത്രം പദ്ധതിയ്ക്ക് രണ്ടു കോടി രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ വയോജനങ്ങളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് വേണ്ട പ്രത്യേക സംവിധാനങ്ങള്‍ക്ക് കൂടിയാണ് തുകയനുവദിച്ചതെന്നും മന്ത്രി പറഞ്ഞു.

വയോജനക്ഷേമ രംഗത്ത് ആരോഗ്യ പരിരക്ഷയും മാനസിക ഉല്ലാസവും നല്‍കുകയെന്ന ലക്ഷ്യത്തോടുകൂടി സാമൂഹ്യ സുരക്ഷ മിഷന്‍ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് വയോമിത്രം. പദ്ധതി നടപ്പിലാക്കുന്ന പ്രദേശത്തെ വയോജനങ്ങളുടെ മാനസികോല്ലാസത്തിന് വേണ്ടിയുള്ള വിവിധ പരിപാടികളും വയോജന സ്ഥാപനങ്ങളിലെ താമസക്കാര്‍ക്ക് പ്രത്യേക കരുതല്‍ നല്‍കുന്ന തരത്തിലുള്ള വിവിധ പരിപാടികളും സംഘടിപ്പിക്കാറുണ്ട്.

65 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് പദ്ധതി പ്രദേശത്ത് മൊബൈല്‍ ക്ലിനിക്കും കൗണ്‍സിലിംഗും വൈദ്യ സഹായവും മരുന്നും സൗജന്യമായി നല്‍കുന്നു. കിടപ്പ് രോഗികള്‍ക്ക് പാലിയേറ്റിവ് ഹോം കെയര്‍ നല്‍കുന്നു. ആശുപത്രികളില്‍ വയോജനങ്ങളെ കൊണ്ടുപോകുന്നതിനും തിരിച്ചുകൊണ്ട് പോകുന്നതിനും സൗജന്യ ആംബുലന്‍സ് സേവനം നല്‍കുന്നു. വയോജനങ്ങള്‍ക്കായി ഹെല്‍പ്പ് ഡെസ്‌കുകളും പ്രവര്‍ത്തിക്കുന്നു.

വയോമിത്രം പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വയോജനങ്ങള്‍ക്ക് മരുന്നുകളും മറ്റും വീട്ടിലെത്തിച്ചു നല്‍കുന്നുണ്ട്.

Story Highlights vayomithram project

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top