Advertisement

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിനിടയാക്കിയ അപകടം നടന്നിട്ട് ഇന്ന് രണ്ട് വർഷം

September 25, 2020
Google News 2 minutes Read

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിനിടയാക്കിയ അപകടം നടന്നിട്ട് ഇന്ന് രണ്ട് വർഷം. മരണത്തിൽ ദുരൂഹതയെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ബാലഭാസ്‌കറിന്റെ കുടുംബം. നിലവിൽ സിബിഐ അന്വേഷിക്കുന്ന കേസിൽ സാക്ഷികളുടെ നുണ പരിശോധന ഫലം വഴിത്തിരിവാകുമോ എന്നതാണ് ഇനി നിർണായകം.

2018 സെപ്റ്റംബർ 25നാണ് തൃശൂരിൽ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഗീതജ്ഞൻ ബാലഭാസ്‌കറും കുടുംബവും അപകടത്തിൽപ്പെടുന്നത്. പുലർച്ചെ 3.45 ന് തിരുവനന്തപുരം പള്ളിപ്പുറത്ത് വച്ചായിരുന്നു അപകടം. മകൾ തേജസ്വിനി ബാല തൽക്ഷണം മരിച്ചു. ഗുരുതരാവസ്ഥയിൽ ബാലഭാസ്‌കറിനെയും ലക്ഷ്മിയേയും ആശുപത്രിയിലേക്ക് മാറ്റി. മരണത്തോട് മല്ലടിച്ച് ആശുപത്രിയിൽ തുടർന്ന് ബാലഭാസ്‌കർ ഏഴ് ദിവസത്തിന് ശേഷം ഹൃദയാഘാതത്തെ തുടർന്ന് മരിക്കുകയായിരുന്നു.

മാസങ്ങൾക്ക് ശേഷം ബാലഭാസ്‌കറിന്റെ ട്രൂപ്പംഗങ്ങൾ തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിൽ പ്രതികളായതോടെയാണ് മരണത്തിൽ ദുരൂഹതയെന്ന് കുടുംബം പരാതിപ്പെടുന്നത്. ട്രൂപ്പംഗങ്ങളായ പ്രകാശൻ തമ്പിയും, വിഷ്ണു സോമസുന്ദരവും ബാലഭാസ്‌കറുമായി നടത്തിയ
സാമ്പത്തിക ഇടപാടുകളിൽ അന്വേഷണം വേണമെന്ന് ആദ്യം ആവശ്യം ഉയർന്നു. അപകടം കൊലപാതകം എന്ന് കുടുംബം ആരോപിച്ചതോടെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി.

സ്വാഭാവിക അപകട മരണമെന്ന ക്രൈംബ്രാഞ്ച് കണ്ടെത്തൽ കുടുംബം തള്ളിയതോടെ സിബിഐ അന്വേഷണത്തിന് വഴിയൊരുങ്ങി. സിബിഐ അന്വേഷണം തുടങ്ങി രണ്ടു മാസം പിന്നിടുകയാണ്. ഇതുവരെ 12 സാക്ഷികളുടെ മൊഴിയെടുത്തു. അപകട സ്ഥലത്ത് സംശയകരമായ സാഹചര്യത്തിൽ സ്വർണക്കടത്ത് കേസ് പ്രതികളെ കണ്ടുവെന്ന് പുതിയ മൊഴി നൽകിയ കലാഭവൻ സോബിയുടെയടക്കം നുണ പരിശോധന ഇന്ന് നടക്കുകയാണ്. നുണ പരിശോധന ഫലവും, ബാലഭാസ്‌കറിനെ ചികിത്സിച്ച ഡോക്ടർമാരുടെയും, ബാലഭാസ്‌കറിന്റെ ഗ്രൂപ്പിലെ മറ്റംഗങ്ങളുടെയും മൊഴികളാണ് ഇനി കേസിൽ നിർണായകം. സിബിഐ അന്വേഷണത്തിൽ ബാലഭാസ്‌കറിന്റെ മരണത്തിലെ ദുരൂഹത നീങ്ങുമെന്ന ഉറച്ച വിശ്വാസത്തിലാണ് കുടുംബം.

Story Highlights It is now two years since the accident that led to the death of violinist Balabhaskar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here