ദേശീയപാതാ വികസനത്തിന് സ്ഥലം വിട്ടുകൊടുത്ത നൂറിലേറെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് പരാതി

കണ്ണൂർ പരിയാരത്ത് ദേശീയപാതാ വികസനത്തിന് സ്ഥലം വിട്ടുകൊടുത്ത നൂറിലേറെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് പരാതി. പലരും തുക ലഭിക്കാത്തതിനാൽ പുതിയ താമസ സ്ഥലങ്ങൾ പോലും കണ്ടെത്താനാവാത്ത സ്ഥിതിയിലാണ്. തൊട്ടടുത്തുള്ള മേഖലയിലുള്ളവർക്ക് നഷ്ടപരിഹാരം ലഭിച്ചിട്ടും കുറച്ച് പേരെ മാത്രം മാറ്റി നിർത്തിയെന്നാണ് പരാതി. എന്നാൽ തുക ഇതുവരെ എത്തിയില്ലെന്നാണ് അധികൃതരുടെ മറുപടി.
തൊട്ടടുത്തുള്ള കണ്ണൂർ ഗവ. മെഡിക്കൽ കോളജിന് അടക്കം നഷ്ടപരിഹാരം ലഭിച്ചു. പരിയാരത്തെ എമ്പേറ്റ് മുതൽ ചുടല വരെയുള്ള കുടുംബങ്ങളാണ് പരാതിയുമായി രംഗത്തെത്തിയത്. പല വീടുകൾക്കും കേടുപാടുകൾ പറ്റി. സ്ഥലം ഏറ്റെടുത്തതിനാൽ അറ്റക്കുറ്റപ്പണികൾ ചെയ്യാനുമാകില്ല.
Read Also : ദേശീയപാതാ വികസനം: തലപ്പാടി – ചെങ്ങള റീച്ചിന് അംഗീകാരം
സ്ഥലം ഏറ്റെടുക്കുന്നതിനായി ആവശ്യപ്പെട്ട രേഖകളെല്ലാം ദേശീയപാതാവിഭാഗം ഓഫീസിൽ ഏൽപ്പിച്ചിട്ട് ഇരുപത് മാസത്തിലേറെയായി. വീടും സ്ഥലവും വിട്ടുനൽകിയവർ താമസം മാറാൻ ഒരുങ്ങിനിൽക്കുകയാണ്. ചിലർ വായ്പയെടുത്തും മറ്റും പുതിയ സ്ഥലം വാങ്ങുകയും വീടുനിർമാണം തുടങ്ങുകയും ചെയ്തു. വ്യാപാരസ്ഥാപനങ്ങൾ ഉൾപ്പെടെ നഷ്ടപ്പെട്ടവർക്കും പുതിയ സ്ഥലം കണ്ടെത്താനായിട്ടില്ല.
ഫണ്ട് എത്തിയില്ലെന്ന മറുപടിയാണ് തളിപ്പറമ്പിലെ ദേശീയ പാതാ സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടറുടെ ഓഫീസിൽ നിന്ന് ഇവർക്ക് ലഭിച്ചത്.2014ലാണ് റോഡ് വികസനത്തിന് സ്ഥലമേറ്റെടുക്കൽ നടപടികൾ തുടങ്ങിയത്.
Story Highlights – national highway development, compensation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here