Advertisement

തിരുവനന്തപുരത്ത് സ്ഥിതി ഗുരുതരം; നിയന്ത്രണം കൃത്യമായി പാലിച്ചില്ലെങ്കില്‍ വീണ്ടും ലോക്ക്ഡൗണ്‍: മേയര്‍

September 28, 2020
Google News 1 minute Read

നിയന്ത്രണം കൃത്യമായി പാലിച്ചില്ലെങ്കില്‍ നഗരത്തില്‍ വീണ്ടും ലോക്ക്ഡൗണ്‍ വേണ്ടിവരുമെന്ന മുന്നറിയിപ്പുമായി തിരുവനന്തപുരം മേയര്‍ കെ. ശ്രീകുമാര്‍. രോഗികളുടെ എണ്ണം ഒരാഴ്ചക്കിടെ ആറായിരം കടന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി നഗരസഭ രംഗത്തെത്തിയത്.

സംസ്ഥാനത്ത് ആദ്യമായി ഒരു ദിവസം രോഗികളുടെ എണ്ണം ആയിരം കടന്നത് തിരുവനന്തപുരം ജില്ലയിലാണ്. ഒരാഴ്ചക്കിടെ 6550 പേര്‍ക്കാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതുവരെ സ്ഥിരീകരിച്ച കൊവിഡ് മരണങ്ങളില്‍ 30 ശതമാനവും തലസ്ഥാന ജില്ലയിലാണ്. ലോക്ക്ഡൗണ്‍ ഇളവുകള്‍ വന്നതോടെ ഭയമോ ജാഗ്രതയോ ഇല്ലാതെ ആളുകള്‍ പുറത്തിറങ്ങി പെരുമാറുന്നത് വലിയ പ്രതിസന്ധി ഉണ്ടാക്കുന്നുവെന്ന് തിരുവനന്തപുരം മേയര്‍ പറഞ്ഞു.

അതേസമയം, ജില്ലയില്‍ കൂടുതല്‍ പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തി. തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ തൊളിക്കോട് ടൗണ്‍, ആനപ്പെട്ടി വാര്‍ഡ്(പാമ്പാടി, തേവന്‍പാറ, കണ്ണങ്കര പ്രദേശങ്ങള്‍ മാത്രം), തേവന്‍പാറ വാര്‍ഡ്(തേക്കുമ്മൂട്, ഉണ്ടപ്പാറ, കാവുംമൂല പ്രദേശങ്ങള്‍ മാത്രം, നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ ചാവര്‍കോട്, ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ വട്ടപ്പറമ്പ്, ഒറ്റശേഖരമംഗലം, കുറവര, വലിക്കോട്, കടമ്പാറ, തിരുവനന്തപുരം കോര്‍പ്പറേഷനു കീഴിലെ കടകംപള്ളി(കിള്ളിക്കുന്നം ലെയിന്‍), പേട്ട വാര്‍ഡ്, പൂജപ്പുര(വിവേകാനന്ദ നഗര്‍ ആര്‍.എ), കാച്ചാണി വാര്‍ഡ്, കരകുളം ഗ്രാമപഞ്ചായത്തിലെ കരയലത്തുകോണം വാര്‍ഡ്, ചെങ്കല്‍ ഗ്രാമപഞ്ചായത്തിലെ അരയൂര്‍ കിഴക്ക്, ചെങ്കല്‍ കിഴക്ക്, വ്ളാത്താങ്കര കിഴക്ക്, അഴൂര്‍ ഗ്രാമപഞ്ചായത്തിലെ കൊലിച്ചിറ, മുട്ടപ്പലം, മരുതത്തൂര്‍ എന്നീ പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. ഇവയോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്തണം. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ആരുംതന്നെ കണ്ടെയിന്‍മെന്റ് സോണിനു പുറത്തു പോകാന്‍ പാടില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

രോഗം കുറയുന്ന പശ്ചാത്തലത്തില്‍ മുടക്കല്‍ ഗ്രാമപഞ്ചായത്തിലെ പള്ളിയറ വാര്‍ഡ്, നെല്ലനാട് ഗ്രാമപഞ്ചായത്തിലെ മണ്ഡപക്കുന്ന് വാര്‍ഡ്, മാണിക്കല്‍ ഗ്രാമപഞ്ചായത്തിലെ കട്ടയ്ക്കാല്‍ വാര്‍ഡ്, കാരോട് ഗ്രാമപഞ്ചായത്തിലെ മാറടി, കുന്നിയോട്, കാക്കവിള, പുതുശ്ശേരി, പഴയ ഉച്ചക്കട, വെണ്‍കുളം എന്നീ പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയതായും ജില്ലാ കളക്ടര്‍ അറിയിച്ചു.

Story Highlights mayor k sreekumar, thiruvananthapuram, covid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here