കാരുണ്യത്തിന്റെ കൈകളുമായി മമ്മൂട്ടി; തൃശൂര്‍ സ്വദേശിക്ക് ഹൃദയ ശസ്ത്രക്രിയക്ക് സഹായം

കൊവിഡ് മഹാമാരിയില്‍ നാട് വലയുമ്പോഴും കാരുണ്യത്തിന്റെ കൈകളുമായി നടന്‍ മമ്മൂട്ടി. തൃശൂര്‍ സ്വദേശിയും ഓട്ടോറിക്ഷ ഡ്രൈവറുമായി പ്രസാദിന് ഹൃദയ സംബന്ധമായ ശസ്ത്രക്രിയ നടത്തുന്നതിന് മുന്‍കൈയെടുത്തിരിക്കുകയാണ് മമ്മൂട്ടി.

പ്രസാദ് കഴിഞ്ഞ ആറുമാസത്തിലേറെയായി കൊവിഡ് പശ്ചാത്തലത്തില്‍ ചികിത്സ ലഭ്യമാകാതെ ബുദ്ധിമുട്ടനുഭവിക്കുകയായിരുന്നു. തൃശൂര്‍ നഗരത്തിലെ സര്‍ക്കാര്‍ -സ്വകാര്യ ആശുപത്രികളില്‍ ശസ്ത്രക്രിയക്കായി സമീപിച്ചെങ്കിലും കൊവിഡ് പശ്ചാത്തലത്തില്‍ പൂര്‍ണമായും ഹൃദയ ശസ്ത്രക്രിയകള്‍ നിര്‍ത്തിവെച്ച സാഹചര്യമായിരുന്നു. സംസ്ഥാനത്തെ പല സ്വകാര്യ ആശുപത്രികളെയും സമീപിച്ചുവെങ്കിലും ചികിത്സാ ചെലവ് താങ്ങാനാവാത്തതിനാല്‍ ശസ്ത്രക്രിയ നടത്താന്‍ സാധിക്കാതെ വന്നു.

ഇതിനിടെയാണ് മമ്മൂട്ടിയുടെ സൗജന്യ ഹൃദയ ശസ്ത്രക്രിയാ പദ്ധതിയെക്കുറിച്ചറിയുകയും ഫാന്‍സ് പ്രവര്‍ത്തകര്‍ വഴി അദ്ദേഹത്തിന്റെ ഓഫീസുമായി ബന്ധപ്പെടുകയും ചെയ്തത്. രോഗഗൗരവം മനസിലാക്കിയതിനെ തുടര്‍ന്ന് മമ്മൂട്ടിയും നിംസ് ഹാര്‍ട്ട് ഫൌണ്ടേഷനും സംയുക്തമായി നടത്തിവരുന്ന സൗജന്യ ഹൃദയ ശസ്ത്രക്രിയ പദ്ധതിയായ ‘ഹാര്‍ട്ട് -റ്റു -ഹാര്‍ട്ട്’ പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും ഹൃദയ ശസ്ത്രക്രിയ പൂര്‍ത്തിയാക്കുകയും ചെയ്തു.

നാളിത് വരെ മമ്മൂട്ടിയെ നേരില്‍ കണ്ടിട്ടില്ലാത്ത പ്രസാദ് മമ്മൂട്ടിക്ക് കൈമാറണം എന്ന അഭ്യര്‍ത്ഥനയോടെ പുറത്തു വിട്ട വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.

ജീവിതത്തിലേക്ക് തിരിച്ചു വന്ന പ്രസാദിന്റെ ഇന്നത്തെ ഏറ്റവും വലിയ ആഗ്രഹം പ്രിയപ്പെട്ട മമ്മൂക്കയെ നേരില്‍ കണ്ടു നന്ദി അറിയിക്കുക എന്ന് മാത്രമാണ്.

Story Highlights Mammootty helps man for heart surgery

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top