കൈവല്യ സമഗ്ര തൊഴില്‍ പുനരധിവാസ പദ്ധതി; അര്‍ഹരായ മുഴുവന്‍ പേര്‍ക്കും ധനസഹായം അനുവദിക്കും

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്ത ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികള്‍ക്കു വേണ്ടി സര്‍ക്കാര്‍ നടപ്പാക്കുന്ന കൈവല്യ സമഗ്ര തൊഴില്‍ പുനരധിവാസ പദ്ധതി പ്രകാരം നിലവില്‍ അപേക്ഷ സമര്‍പ്പിച്ച അര്‍ഹരായ മുഴുവന്‍ പേര്‍ക്കും ധനസഹായം അനുവദിക്കും. 7449 അപേക്ഷകളാണ് നിലവില്‍ തീര്‍പ്പാക്കാനുള്ളതെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍ അറിയിച്ചു. ഈ അപേക്ഷകര്‍ക്ക് സ്വയം തൊഴില്‍സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി മൊത്തം 37.24 കോടിരൂപ വിതരണം ചെയ്യും. കേരള സംസ്ഥാന വികലാംഗ ക്ഷേമകോര്‍പറേഷന്റെ സഹകരണത്തോടെയാണ് ധനസഹായം വിതരണം ചെയ്യുന്നതെന്നും മന്ത്രി അറിയിച്ചു.
കേരളത്തിലെ എംപ്ലോയ്‌മെന്റ് എക്‌സേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്ത് തൊഴിലിനായി കാത്തിരിക്കുന്ന ഭിന്നശേഷിക്കാര്‍ക്ക് ഉപജീവനമാര്‍ഗം കണ്ടെത്തുന്നതിനായി സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനു വേണ്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ കൈവല്യ പദ്ധതി ആവിഷ്‌കരിച്ചത്. അര്‍ഹരായ അപേക്ഷകര്‍ക്ക് 50 ശതമാനം സബ്‌സിഡിയോടെ അമ്പതിനായിരം രൂപ വരെ പലിശരഹിത വായ്പ ലഭിക്കും. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മപദ്ധതികളുടെ ഭാഗമായാണ് കൈവല്യ പദ്ധതിയില്‍ നിലവിലുള്ള 7449 അപേക്ഷകളും ഒറ്റത്തവണ വ്യവസ്ഥയില്‍ തീര്‍പ്പാക്കുന്നത്.
Story Highlights – Financial assistance
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here