ഇത് മോദി സർക്കാർ അല്ല; അംബാനി- അദാനി സർക്കാർ; കോടീശ്വരന്മാർ കർഷകരുടെ ഭൂമിയിൽ കണ്ണുവച്ചിരിക്കുന്നു: രാഹുൽ ഗാന്ധി

കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങൾക്കെതിരെ പഞ്ചാബിൽ കൂറ്റൻ ട്രാക്ടർ റാലി നയിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയിലെ കോടീശ്വരന്മാർ കർഷകന്റെ ഭൂമിയിൽ കണ്ണുവച്ചിരിക്കുന്നുവെന്നും, അദാനിയും അംബാനിയുമാണ് മോദി സർക്കാരിനെ നിയന്ത്രിക്കുന്നതെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. കാർഷിക മേഖലയുടെ തൂണുകൾ തകർക്കാൻ മോദി സർക്കാർ ശ്രമിക്കുന്നുവെന്നും രാഹുല്‍ കുറ്റപ്പെടുത്തി. പഞ്ചാബിലെ മോഗ ജില്ലയിലാണ് മൂന്ന് ദിവസത്തെ കൂറ്റൻ ട്രാക്ടർ റാലിക്ക് തുടക്കമിട്ടത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നേരിട്ടാണ് റാലി നയിക്കുന്നത്. പഞ്ചാബിലെ ലുധിയാന, പട്യാല ജില്ലകളിലൂടെയും ഹരിയാനയിലൂടെയും റാലി കടന്നുപോകും. ഉദ്ഘാടന ചടങ്ങിൽ രാഹുൽ ഗാന്ധി മോദി സർക്കാരിനെതിരെ ആഞ്ഞടിച്ചു. അദാനിമാരുടെയും അംബാനിമാരുടെയും ചരടുവലിക്ക് അനുസരിച്ച് ചലിക്കുന്ന പാവ സർക്കാരെന്ന് കുറ്റപ്പെടുത്തി. കൊവിഡ് സമയത്ത് ധൃതി പിടിച്ച് കാർഷിക നിയമങ്ങൾ കൊണ്ടുവന്നതിനെ ചോദ്യം ചെയ്തു. കോൺഗ്രസ് കേന്ദ്രത്തിൽ അധികാരത്തിൽ വന്നാൽ കാർഷിക നിയമങ്ങൾ എടുത്ത് ചവറ്റുകുട്ടയിലെറിയുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
Read Also : കാർഷിക നിയമങ്ങൾക്കെതിരെ രാഹുൽ ഗാന്ധി നയിക്കുന്ന ട്രാക്ടർ റാലി ഇന്ന് മുതൽ
ഇത് മോദി സർക്കാർ അല്ലെന്നും അദാനി-അംബാനി സർക്കാരാണെന്നും രാഹുൽ. കൊവിഡ് സമയത്ത് കാർഷിക നിയമങ്ങൾ കൊണ്ടുവന്നത് എന്തിനെന്നും രാഹുൽ ഗാന്ധി ചോദിച്ചു.
ഹത്‌റാസിലെ പെൺക്കുട്ടിയെ കൊലപ്പെടുത്തിയവർക്ക് എതിരെ ഒരു നടപടിയുമുണ്ടായില്ലെന്നും രാഹുൽ ഗാന്ധി. മുഖ്യമന്ത്രിയും ജില്ലാ മജിസ്‌ട്രേറ്റും പെൺകുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തി. ക്രിമിനലുകൾക്കെതിരെ നടപടിയില്ലെന്നും ഇരകൾക്കെതിരെയാണ് നടപടിയെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
ചൊവ്വാഴ്ചയാണ് ട്രാക്ടർ റാലി ഹരിയാനയിൽ എത്തുന്നത്. ഇതുവരെ വിവരം ലഭിച്ചിട്ടില്ലെന്നും സംസ്ഥാനത്തെ ക്രമസമാധാന നില തകർക്കാൻ ആരെയും അനുവദിക്കില്ലെന്നും ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ പ്രതികരിച്ചു. രാഹുൽ ഗാന്ധിയെ ഹരിയാനയിൽ കടക്കാൻ അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രി അനിൽ വിജ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം, കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബിൽ അല്ലാതെ രാജ്യത്ത് മറ്റെവിടെയാണ് കർഷക സമരമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ ചോദിച്ചു.
Story Highlights – farm bill, rahul gandhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here