സധൈര്യം മുന്നോട്ട് ; സ്ത്രീ സുരക്ഷ പദ്ധതിയില്‍ 13 ലക്ഷം പേര്‍ പ്രതിരോധ പരിശീലനം പൂര്‍ത്തിയാക്കി

സംസ്ഥാന സര്‍ക്കാരിന്റെ സധൈര്യം മുന്നോട്ട് പരിപാടിയുടെ ഭാഗമായി നടപ്പാക്കിയ സ്വയം പ്രതിരോധ പരിശീലനപദ്ധതിയില്‍ സ്ത്രീകളും പെണ്‍കുട്ടികളുമുള്‍പ്പെടെ 13 ലക്ഷം പേര്‍ പരിശീലനം നേടി. 201920ല്‍ തിരുവനന്തപുരം ജില്ലയില്‍ മാത്രം 18,055 പേരാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. ഇസ്രയേലി കമാന്‍ഡോകള്‍ പരിശീലിക്കുന്ന ഏറ്റവും അപകടകരമായ പ്രതിരോധകലയായ ക്രാവ് മാഗ അടിസ്ഥാനമാക്കിയാണ് കേരള പൊലീസിന്റെ നേതൃത്വത്തില്‍ പരിശീലനം നല്‍കുന്നത്. ആയുധമില്ലാതെ സ്വയം പ്രതിരോധിക്കാനും അക്രമിയെ നിശ്ചലനാക്കാനുമുളള പരിശീലനമാണ് ഇതില്‍ നല്‍കുന്നത്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അപ്രതീക്ഷിതമായി നേരിടേണ്ടി വരുന്ന അക്രമണങ്ങളെ ഇതിലൂടെ പ്രതിരോധിക്കാനാവും. തെരഞ്ഞെടുക്കപ്പെട്ട വനിതാ പൊലീസ് ഉദ്യോഗസ്ഥരാണ് പരിശീലനം നല്‍കുന്നത്. ഓരോ ജില്ലയിലും നാലു മാസ്റ്റര്‍ ട്രെയിനര്‍മാരാണുള്ളത്. കേരളത്തിലുടനീളം സ്‌കൂളുകള്‍, കോളജുകള്‍, കുടുംബശ്രീയൂണിറ്റുകള്‍, ഓഫീസുകള്‍, റസിഡന്‍ഷ്യല്‍ മേഖലകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പരിശീലനം. ഒരാള്‍ക്ക് 20 മണിക്കൂര്‍ നേരത്തെ പരിശീലനമാണ് നല്‍കുന്നത്. ഓരോ ദിവസവും കുറഞ്ഞത് രണ്ടു മണിക്കൂര്‍ നേരത്തെ പരിശീലനം നല്‍കുന്നുണ്ട്. ഓരോ ടീമിന്റെയും സൗകര്യം അനുസരിച്ചാണ് സമയം നിശ്ചയിക്കുക. തിരുവനന്തപുരം ജില്ലയില്‍ മാത്രം ഒരു വര്‍ഷത്തിനിടെ 68 സ്‌കൂളുകളിലും 31 കോളജുകളിലും പരിശീലന പരിപാടി സംഘടിപ്പിച്ചു. തലസ്ഥാനത്തെ 162 കുടുംബശ്രീ, റസിഡന്റ്സ് അസോസിയേഷനുകളിലും പരിശീലനം പൂര്‍ത്തിയായി. സംസ്ഥാനത്തിന് പുറത്ത് വിവിധ ട്രേഡ് ഫെയറുകളിലും ഇതിന്റെ പ്രാധാന്യം അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.
പരിശീലനത്തിലൂടെ സ്വയം സുരക്ഷിതരാകാനുള്ള ആത്മവിശ്വാസം തങ്ങള്‍ കൈവരിച്ചതായി നിരവധി സ്ത്രീകള്‍ സാക്ഷ്യപ്പെടുത്തുന്നു. പരിശീലനം പൂര്‍ത്തിയാക്കിയ പെണ്‍കുട്ടികള്‍ ബസുകളിലെ ശല്യപ്പെടുത്തലുകള്‍ തടഞ്ഞതും, മാലപൊട്ടിക്കാന്‍ വന്നവരെ പ്രതിരോധിച്ചതുമായ നിരവധി സംഭവങ്ങള്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അക്രമങ്ങളെ മുന്‍കൂട്ടി തിരിച്ചറിയുക, അത്തരം സാഹചര്യങ്ങളില്‍ എത്തിപ്പെടാതിരിക്കുന്നതിനുളള മുന്‍കരുതലുകള്‍ പകര്‍ന്നു നല്‍കുക, അക്രമ സാഹചര്യങ്ങളില്‍ മനോധൈര്യത്തോടെ അക്രമിയെ നേരിടുന്നതിന് മാനസികവും കായികവുമായി സജ്ജരാക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍.
ശാരീരികക്ഷമത കൈവരിക്കുന്നതിനുമുളള കായിക പരീശീലനം, അതിക്രമസാഹചര്യങ്ങളില്‍ കൂടുതല്‍ ഊര്‍ജം നഷ്ടമാകാതെ അക്രമിയെ കീഴ്പെടുത്തുന്നതിനാവശ്യമായ ലഘുവിദ്യകളുടെ പരീശീലനം എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാലപൊട്ടിക്കല്‍, ബാഗ് തട്ടിപ്പറിക്കല്‍, ശാരീരികമായ അക്രമണങ്ങള്‍, ലൈംഗികമായി ഉപദ്രവിക്കാനോ കീഴ്പെടുത്താനോ ഉള്ള ശ്രമം, ആസിഡ് അക്രമണം തുടങ്ങി വിവിധ സാഹചര്യങ്ങളില്‍ സ്വീകരിക്കാവുന്ന അഭ്യാസമുറകളും പരിശീലിപ്പിക്കുന്നുണ്ട്. പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ജില്ലകളിലെ സെല്‍ഫ് ഡിഫന്‍സ് നോഡല്‍ ഓഫീസര്‍ക്ക് അപേക്ഷ നല്‍കണം. 9497970323 എന്ന നമ്പറില്‍ വിളിച്ചും രജിസ്റ്റര്‍ ചെയ്യാം.
Story Highlights – 13 lakh people have completed preventive training under the Women’s Security Scheme
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here