Advertisement

ഐപിഎൽ മാച്ച് 23: ഭാഗ്യഗ്രൗണ്ടിൽ ജയം തേടി രാജസ്ഥാൻ; പോയിന്റ് ടേബിളിൽ ഒന്നാമതെത്താൻ ഡൽഹി

October 9, 2020
Google News 2 minutes Read
ipl rr dc preview

ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാം സീസണിലെ 23ആം മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഡൽഹി ക്യാപിറ്റൽസിനെ നേരിടും. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 7.30നാണ് മത്സരം. സ്റ്റേഡിയത്തിൽ മുൻപ് നടന്ന രണ്ട് മത്സരങ്ങളും ആധികാരികമായി വിജയിച്ച രാജസ്ഥാൻ വീണ്ടും ഒരു ജയം തേടിയാണ് ഇറങ്ങുന്നത്. അഞ്ച് മത്സരങ്ങൾ കളിച്ചപ്പോൾ വെറും രണ്ടേരണ്ട് മത്സരങ്ങളിൽ മാത്രം വിജയിച്ച് പോയിൻ്റ് ടേബിളിൽ ഏഴാം സ്ഥാനത്തുള്ള രാജസ്ഥാന് ഇന്ന് ജയം അനിവാര്യമാണ്. അതേസമയം, കളിച്ച അഞ്ച് മത്സരങ്ങളിൽ നാലും വിജയിച്ച് പോയിൻ്റ് ടേബിളിൽ രണ്ടാം സ്ഥാനത്തുള്ള ഡൽഹി ഈ കളിയിൽ കൂടി വിജയിച്ച് ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനാവും ഇറങ്ങുക.

Read Also : ഡ്രീം ഇലവനിലൂടെ കോടിപതിയായി കണ്ണൂരുകാരൻ റാസിഖ്; മെഗാ കോണ്ടസ്റ്റ് വിജയിക്കുന്ന ആദ്യ മലയാളി

ഷാർജ ബുള്ളീസ് എന്ന വിളിപ്പേര് ലഭിച്ചുകഴിഞ്ഞ രാജസ്ഥാന് അതിനോടെങ്കിലും ഇന്ന് നീതി പുലർത്തിയേ തീരൂ. റോബിൻ ഉത്തപ്പ, ജയ്ദേവ് ഉനദ്കട്ട് എന്നീ രണ്ട് സീനിയർ താരങ്ങളെ മാറ്റി യശസ്വി ജയ്സ്വാൾ, കാർത്തിക് ത്യാഗി എന്നീ അണ്ടർ 19 ലോകകപ്പ് താരങ്ങളെ ടീം ഷീറ്റിൽ ഉൾപ്പെടുത്തിയെങ്കിലും കഴിഞ്ഞ കളിയും പരാജയപ്പെട്ടത് മാനേജ്മെൻ്റിന് കടുത്ത തലവേദനയുണ്ടാക്കും. ഷാർജ ഭൂതം വിട്ടുമാറാത്ത സഞ്ജു സാംസണും സ്റ്റീവ് സ്മിത്തുമാണ് കഴിഞ്ഞ മൂന്നു മത്സരങ്ങളിലും രാജസ്ഥാൻ്റെ തോൽവിയിൽ ഒരു നിർണായക പങ്കുവഹിച്ചത്. രണ്ട് പേരും തകർത്തടിച്ച പിച്ച് ആയതുകൊണ്ട് തന്നെ ഇന്ന് ഇരുവരും പക്വമായി ബാറ്റ് ചെയ്ത് ഫോമിലേക്കെത്തേണ്ടത് രാജസ്ഥാൻ്റെ ആവശ്യമാണ്. ജോസ് ബട്‌ലർ ഫോമിലേക്കുയർന്നത് രാജസ്ഥാൻ ക്യാമ്പിൽ ആശ്വാസമാവും. അങ്കിത് രാജ്പൂത് എന്ന വീക്ക് ലിങ്ക് മാറ്റി വരുൺ ആരോണിനെ പരീക്ഷിക്കുമോ എന്നതാണ് ഇന്ന് കണ്ടറിയേണ്ടത്. മറ്റു മാറ്റങ്ങൾ ഉണ്ടാവാൻ സാധ്യതയില്ല.

Read Also : രഹാനെ ടീമിലെ അവിഭാജ്യ ഘടകം; ഇടക്കാല ട്രാൻസ്ഫറിൽ വിടില്ല: ഡൽഹി ക്യാപിറ്റൽസ്

ഡൽഹിയാവട്ടെ ടൂർണമെൻ്റിലെ തന്നെ ഏറ്റവും സെറ്റായ ടീമുകളിൽ ഒന്നാണ്. ഒന്നോ രണ്ടോ പേരുടെ പ്രകടനങ്ങളെ ടീം ആശ്രയിക്കുന്നില്ല എന്നതാണ് ഏറെ ശ്രദ്ധേയം. എല്ലാവരും ഒരുപോലെ സംഭാവന ചെയ്യുന്നു. മാർക്കസ് സ്റ്റോയിനിസിൻ്റെ സാന്നിധ്യം ഡൽഹിയെ വളരെ അപകടം പിടിച്ച ഒരു സംഘമാക്കി മാറ്റുന്നുണ്ട്. ഇന്ത്യക്കാർ ഡോമിനേറ്റ് ചെയ്യുന്ന ടോപ്പ്, മിഡിൽ ഓർഡറും വളരെ ശക്തമാണ്. കഗീസോ റബാഡ, ആൻറിച് നോർജെ, ആർ അശ്വിൻ, അക്സർ പട്ടേൽ എന്നിവരടങ്ങിയ ബൗളിംഗ് നിരയും ഉജ്ജ്വല ഫോമിലാണ്. അതുകൊണ്ട് തന്നെ ഡൽഹിയും ഇന്ന് ടീമിൽ മാറ്റം വരുത്താൻ ഇടയില്ല.

Story Highlights delhi capitals vs rajasthan royals preview

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here