ലൈഫ് മിഷൻ ക്രമക്കേട് : വിജിലൻസ് സംഘം വടക്കാഞ്ചേരിയിലെ പദ്ധതി പ്രദേശം നാളെ നേരിട്ടെത്തി പരിശോധിക്കും

ലൈഫ് മിഷൻ ക്രമക്കേട് അന്വേഷിക്കുന്ന വിജിലൻസ് സംഘം വടക്കാഞ്ചേരിയിലെ പദ്ധതി പ്രദേശം നാളെ നേരിട്ടെത്തി പരിശോധിക്കും. കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഫ്‌ളാറ്റിന്റെ ബല പരിശോധന നടത്താനും ആലോചിക്കുന്നുണ്ട്. അതേസമയം സ്വപ്നയെയും സന്ദീപിനെയും ചോദ്യം ചെയ്യാൻ നാളെ വിജിലൻസ് സംഘം എൻഐഎ കോടതിയിൽ അപേക്ഷ നൽകും.
വടക്കാഞ്ചേരിയിലെ പദ്ധതി പ്രദേശത്ത് നേരിട്ടെത്തി ക്രമക്കേടുകളുടെ കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് വിജിലൻസ് തീരുമാനം. പദ്ധതി ചുമതലയുണ്ടായിരുന്ന തൃശൂരിലെ ഉദ്യോഗസ്ഥരുടെ മൊഴിയും രേഖപ്പെടുത്തും. പ്രാദേശികമായി ശേഖരിക്കേണ്ട വിവരങ്ങളും തേടും. അനധികൃതമായി വൈദ്യുതി ലഭിച്ചുവെന്ന കണ്ടെത്തലിലും കൂടുതൽ അന്വേഷണമുണ്ടാകും. ഫ്‌ളാറ്റിന്റെ ബലം പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഉടൻ തന്നെ വിജിലൻസ് അന്വേഷണ സംഘം പൊതുമരാമത്ത് വകുപ്പിന് കത്ത് നൽകും. കൂടാതെ തുടരന്വേഷണത്തിന് സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിനെയും,സന്ദീപ് നായരെയും അടിയന്തിരമായി ചോദ്യം ചെയ്യണമെന്നാണ് വിജിലൻസ് നിലപാട്.
ഇതിനായി നാളെ എൻഐഎ കോടതിയിൽ അപേക്ഷ നൽകും. എം.ശിവശങ്കറിന്റെ മൊഴിയെടുക്കുന്നതിനു മുൻപ് യൂണിറ്റാക് എം.ഡി സന്തോഷ് ഈപ്പനെ വീണ്ടും ചോദ്യം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. നിർമാണ കരാർ ലഭിച്ചതിലും, എം ശിവശങ്കറുമായുള്ള കൂടിക്കാഴ്ചയിലും വ്യക്തത വരുത്തുന്നതിനാണ് വീണ്ടും ചോദ്യം ചെയ്യുന്നത്.
Story Highlights – life mission vigilance probe
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here