Advertisement

ആശാ കിഷോറിനെ പിന്തുണച്ച് സുബ്രഹ്മണ്യൻ സ്വാമി; ഇടപെട്ടതിൽ സന്തോഷമെന്ന് ശശി തരൂർ

October 11, 2020
Google News 1 minute Read

തിരുവനന്തപുരത്തെ ശ്രീ ചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. ആശാ കിഷോറിന് പിന്തുണയുമായി ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. ഐഎസ്ആർഒയെ തകർക്കാൻ ശ്രമിച്ചവരാണ് ഡോ. ആശാ കിഷോറിനെതിരെ രംഗത്തുവന്നിരിക്കുന്നതെന്ന് സുബ്രഹ്മണ്യൻ സ്വാമി ട്വീറ്റ് ചെയ്തു. സ്വാമിയെ പിന്തുണച്ച് ശശി തരൂരും രംഗത്തെത്തി.

ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ തലപ്പത്തു നിന്ന് ഡോ. ആശാ കിഷോറിനെ മാറ്റാൻ ചിലർ ശ്രമം നടത്തിവരികയാണ്. ഇതിനിടെയാണ് ഡോ. ആശാ കിഷോറിനെ പിന്തുണച്ച് സുബ്രഹ്മണ്യൻ സ്വാമി രംഗത്തെത്തിയത്. സ്റ്റെന്റുമായി ബന്ധപ്പെട്ട ഗവേഷണത്തിന് നേതൃത്വം നൽകുന്ന ഡോ. ആശാ കിഷോറിനെ പുറത്താക്കാൻ വിദേശ ശക്തികളുടെ പിൻബലത്തോടെ ആരോഗ്യ മന്ത്രാലയത്തിൽ ചിലർ ശ്രമം നടത്തുന്നു. ഐഎസ്ആർഒയെയും ആദരണീയ ശാസ്ത്രജ്ഞരെയും തകർക്കാൻ നേതൃത്വം നൽകിയ അതേ ശക്തികളാണ് ഈ നീക്കത്തിനു പിന്നിലെന്നും സ്വാമി ആരോപിച്ചു. ശ്രീ ചിത്ര ഡയറക്ടർ സ്ഥാനത്ത് ഡോ. ആശാ കിഷോറിന്റെ കാലാവധി നീട്ടിയ ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ പാർലമെന്ററി സമിതിയോട് തെളിവെടുപ്പ് ആവശ്യപ്പെടുമെന്നും സ്വാമി ട്വിറ്ററിൽ കുറിച്ചു. ആരോഗ്യ മന്ത്രാലയത്തിലെ വിദേശശക്തികളുടെ സ്വാധീനം വേരോടെ പിഴുതെറിയണമെന്നും ട്വീറ്റിലുണ്ട്.

പിന്നാലെ സുബ്രഹ്മണ്യൻ സ്വാമിയെ പിന്തുണച്ച് ശശി തരൂരും രംഗത്തെത്തി. സുബ്രഹ്മണ്യൻ സ്വാമിയോട് ഏതെങ്കിലും കാര്യത്തിൽ യോജിക്കേണ്ടിവരുമെന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ല. ശ്രീ ചിത്ര വിഷയത്തിൽ കഴിഞ്ഞ 4 മാസമായി താൻ നടത്തുന്ന ഒറ്റയാൾ പോരാട്ടം സ്വാമി ഏറ്റെടുത്തതിൽ സന്തോഷമെന്നും ശശി തരൂർ ട്വീറ്റ് ചെയ്തു. ചട്ട പ്രകാരം ഡോ. ആശാ കിഷോറിന്റെ കാലാവധി നീട്ടിയതിനെതിരെ ഒരു രാഷ്ട്രീയ ലോബി കേന്ദ്ര സർക്കാരിന്റെ മൗനാനുവാദത്തോടെ നീക്കം നടത്തുകയായിരുന്നെന്നും തരൂർ കുറിച്ചു.

ശ്രീ ചിത്ര ഡയറക്ടർ സ്ഥാനത്തു ഡോ. ആശാ കിഷോറിന്റെ കാലാവധി നീട്ടിയ ഭരണ സമിതി തീരുമാനം കേന്ദ്ര അഡ്മിനിസ്‌ടേറ്റീവ് ട്രൈബ്യൂണൽ തടഞ്ഞിരുന്നു. ഹൈക്കോടതി ട്രൈബ്യൂണൽ നടപടി റദ്ദാക്കുകയും കേസ് വീണ്ടും പരിഗണിക്കാൻ നിർദേശിക്കുകയും ചെയ്തു. ഈ മാസം 14ന് ട്രൈബ്യൂണൽ കേസ് പരിഗണിക്കാനിരിക്കുകയാണ്.

Story Highlights Asha kishore, Subrahmanian swamy, Shashi taroor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here