‘ഭാവിയിലും കള്ളക്കടക്ക് നടത്താൻ പ്രതികൾ പദ്ധതിയിട്ടു, തെളിവുണ്ട്’: എൻഐഎ കോടതിയിൽ

സ്വർണക്കടത്ത് കേസിൽ നിർണായക വാദവുമായി എൻഐഐ. ഭാവിയിലും കൂടുതൽ കളളക്കടത്ത് നടത്താനായി പ്രതികൾ പദ്ധതി തയ്യാറാക്കിയതിന്റെ തെളിവുകൾ ലഭിച്ചെന്ന് എൻഐഎ കോടതിയെ അറിയിച്ചു.

പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് കേസിൽ വഴിത്തിരിവാകുന്ന നിർണായക വാദം എൻഐഎ, ഉന്നയിച്ചത്. പിടിക്കപ്പെട്ട നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തിന് പിന്നാലെ കൂടുതൽ കള്ളക്കടത്ത് നടത്താൻ പ്രതികൾ ആസൂത്രണം നടത്തിയിരുന്നു. ഇതിനായി പ്രതി സരിത്ത് നിരവധി രേഖകൾ തയ്യാറാക്കി. പിടിച്ചെടുത്ത ലാപ്‌ടോപ്പിൽ നിന്ന് ഇത് സംബന്ധിച്ച ഡിജിറ്റൽ തെളിവുകൾ ലഭിച്ചു. പ്രതികളുടെ ഭാവി പദ്ധതികളുടെ ആസൂത്രണം സംബന്ധിച്ച സുപ്രധാന വിവരങ്ങളാണ് രേഖകളിലുള്ളത്. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷിതത്വം തകർക്കാനാണ് തുടർച്ചയായ കള്ളക്കടത്തിന് പ്രതികൾ പദ്ധതി തയ്യാറാക്കിയതെന്നും എൻഐഎ വാദിച്ചു. സ്വപ്ന സുരേഷടക്കം 10 പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷകൾ പരിഗണിക്കുന്നത് കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി.

അതേസമയം കേസിലെ അഞ്ച് പ്രതികളെ കോടതി എൻഐഎ കസ്റ്റഡിയിൽ വിട്ടു. രണ്ട്് ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചത്. അബ്ദു പി. ടി, ഷറഫുദീൻ കെ. ടി, മുഹമ്മദ് ഷഫീഖ്, ഹംജത് അലി, മുഹമ്മദ് അലി എന്നിവരെയാണ് കസ്റ്റഡിയിൽ വിട്ടത്. മുഹമ്മദലി നേരത്തെ കൈവെട്ട് കേസിൽ ഉൾപ്പെട്ടിരുന്നു. പിന്നീട്ട് കുറ്റവിമുക്തനാവുകയായിരുന്നു. ഇക്കാര്യം എൻഐഎ, കോടതിയിൽ ചൂണ്ടിക്കാട്ടി. ഇവരുടെ ജാമ്യാപേക്ഷകളും വ്യാഴാഴ്ച പരിഗണിക്കും. സന്ദീപ് നായർ നൽകിയ നിർണായക കുറ്റസമ്മത മൊഴിയുടെ പകർപ്പ് കോടതിയിൽ സമർപ്പിച്ചില്ല. നടപടി ക്രമങ്ങൾ പൂർത്തിയായില്ലെന്ന് അന്വേഷണ സംഘം അറിയിച്ചു. ജാമ്യാപേക്ഷകളാടൊപ്പം ഈ രഹസ്യമൊഴിയും കോടതി പരിശോധിക്കും. കസ്റ്റംസ് പിടിച്ചെടുത്ത ഡേറ്റകളും എൻ ഐ എ ശേഖരിക്കുന്നുണ്ട്.

Story Highlights NIA, Gold smuggling

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top