പാർവതി തിരുവോത്ത് അഭിനേതാക്കളുടെ സംഘടനയില്‍ നിന്ന് രാജിവച്ചു; ഇടവേള ബാബു രാജി വയ്ക്കണമെന്നും ആവശ്യം

മലയാളത്തിലെ അഭിനേതാക്കളുടെ സംഘടനയായ എഎംഎഎയിൽ നിന്ന് പ്രശസ്ത നടി പാർവതി തിരുവോത്ത് രാജിവച്ചു. സംഘടന ഭാരവാഹി ഇടവേള ബാബുവിന്റെ പരാമർശം കാരണമാണ് താൻ രാജി വയ്ക്കുന്നതെന്ന് ഫേസ്ബുക്കിൽ താരം കുറിച്ചു. സംഘടന തഴഞ്ഞ വനിത അംഗത്തെ മരിച്ചുപോയ ഒരാളുമായി താരതമ്യപ്പെടുത്തികൊണ്ട് ഇടവേള ബാബു പറഞ്ഞ വെറുപ്പുളവാക്കുന്നതും ലജ്ജാവഹവുമായ വാക്കുകൾ ഒരിക്കലും തിരുത്താനാവില്ലെന്നും പാർവതി. ഇടവേള ബാബുവും രാജി വയ്ക്കണമെന്നും മനസാക്ഷിയുള്ള മറ്റ് അംഗങ്ങളിൽ ആരെങ്കിലും ഈ ആവശ്യം ഉന്നയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പാർവതി വ്യക്തമാക്കി.
കുറിപ്പ്,
2018 ൽ എന്റെ സുഹൃത്തുക്കൾ എഎംഎഎയിൽ നിന്ന് പിരിഞ്ഞു പോയപ്പോൾ ഞാൻ സംഘടനയിൽ തന്നെ തുടർന്നത് തകർന്നുകൊണ്ടിരിക്കുന്ന സിസ്റ്റത്തിനകത്ത് നിന്ന് കൊണ്ട് അതിനെ നവീകരിക്കാൻ കുറച്ചു പേരെങ്കിലും വേണം എന്നു തോന്നിയതു കൊണ്ടാണ്. പക്ഷെ എഎംഎഎയുടെ ജനറൽസെക്രട്ടറി ഇടവേള ബാബുവിന്റെ അഭിമുഖം കണ്ടതിനു ശേഷം, സംഘടനയിൽ എന്തെങ്കിലും ഒരു മാറ്റം ഉണ്ടാകും എന്ന പ്രതീക്ഷ ഞാൻ ഉപേക്ഷിക്കുന്നു.
ഈ സംഘടന തഴഞ്ഞ ഒരു വനിത അംഗത്തെ മരിച്ചുപോയ ഒരാളുമായി താരതമ്യപ്പെടുത്തികൊണ്ടു അയാൾ പറഞ്ഞ വെറുപ്പുളവാക്കുന്നതും ലജ്ജാവഹവുമായ വാക്കുകൾ ഒരിക്കലും തിരുത്താനാവില്ല.
Read Also : താരനിശ; അഭിനേതാക്കളുടെ സംഘടനയുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ചര്‍ച്ച ഇന്ന്
ആലങ്കാരികമായി പറഞ്ഞതല്ലേ എന്ന് മിസ്റ്റർ ബാബു കരുതുന്നുണ്ടാവും. പക്ഷെ അത് കാണിക്കുന്നത് അയാളുടെ അറപ്പുളവാക്കുന്ന മനോഭാവത്തെയാണ്. അയാളോട് പുച്ഛം മാത്രമാണ് ഉള്ളത്. മാധ്യമങ്ങൾ ഈ പരാമർശം ചർച്ച ചെയ്തു തുടങ്ങുന്ന നിമിഷം മുതൽ അയാളെ അനുകൂലിച്ച് മറ്റു പല സംഘടനാ അംഗങ്ങളും വരും. കാരണം സ്ത്രീകളുമായി ബന്ധപ്പെട്ട ഏതൊരു പ്രശ്‌നവും നിങ്ങൾ കൈകാര്യം ചെയ്ത അതേ മോശമായ രീതിയിലാണ് ഇതും സംഭവിക്കുക എന്ന് എനിക്ക് ഉറപ്പുണ്ട്.
ഞാൻ എഎംഎഎയിൽ നിന്നും രാജി വയ്ക്കുന്നു. അതോടൊപ്പം ഇടവേള ബാബു രാജി വയ്ക്കണം എന്ന് ഞാൻ ശക്തമായി ആവശ്യപെടുന്നു. മനസ്സാക്ഷിയുള്ള എത്ര അംഗങ്ങൾ ഈ ആവശ്യം ഉന്നയിച്ച് മുന്നോട്ട് വരും എന്ന് ആകാംക്ഷയോടെ ഞാൻ നോക്കി കാണുന്നു.
പാർവതി തിരുവോത്ത്
Story Highlights – parvathy thiruvothu, idavela babu, amma
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here