അക്കിത്തത്തിന്റേത് പൗർണമി വിരിയിച്ച കവിതകളെന്ന് കൽപറ്റ നാരായണൻ; കുലപർവത വ്യക്തിത്വമെന്ന് പ്രഭാ വർമ

ഒരു പകിട്ടുമില്ലാതെ കവിതയെഴുതിയിരുന്ന വ്യക്തിയായിരുന്നു അക്കിത്തമെന്ന് എഴുത്തുകാരൻ കൽപറ്റ നാരായണൻ. വളരെ ലഘുവായി തുടങ്ങി വളരെ സങ്കീർണമായി അവസാനിക്കുന്ന വലിയ കാവ്യങ്ങൾ എഴുതിയിരുന്ന അക്കിത്തത്തിന്റെ പ്രത്യേകത ലാളിത്യമായിരുന്നു. പൗർണമി വിരിയിച്ച കവിതകളായിരുന്നു അക്കിത്തത്തിന്റേത്. അദ്ദേഹത്തിന്റെ സാന്നിധ്യവും അത്തരത്തിലായിരുന്നുവെന്ന് കൽപറ്റ നാരായണൻ ഓർമിച്ചു.
മലയാള കവിതയിൽ പുതിയ സൗന്ദര്യബോധം കൊണ്ടുവന്ന കവിയായിരുന്നു അക്കിത്തമെന്ന് കവി സച്ചിദാനന്ദൻ. മലയാള കവിതയെ നവീകരിക്കുന്നതിൽ വലിയ പങ്ക് വഹിച്ചവയായിരുന്നു അക്കിത്തം കവിതകൾ. ജീവിതകാലം മുഴുവൻ നിസംഗത പുലർത്തിയിരുന്ന അദ്ദേഹം ഒരിക്കലും പക്ഷേ നിർവികാരനായിരുന്നില്ല. മറ്റു മനുഷ്യരോട് അനുകമ്പ പ്രകടിപ്പിച്ചിരുന്നു അക്കിത്തം. നമുക്ക് നഷ്ടപ്പെട്ടത് വലിയ മനുഷ്യസ്‌നേഹിയെയും കവിയേയുമാണ്. ഭൗതികമായി നഷ്ടപ്പെട്ടുവെങ്കിലും അദ്ദേഹത്തിന്റെ കവിതകളിലൂടെ ഇനിയും അദ്ദേഹം ജീവിക്കുമെന്നും സച്ചിദാനന്ദൻ കൂട്ടിച്ചേർത്തു.
നമ്മുടെ കൈവശമുള്ള മുഴക്കോലുകൾ കൊണ്ട് എത്രയേറെ അളന്നാലും ആ അളുവകളുടെയെല്ലാം അതിർ ലംഘിച്ച് പടർന്ന് നിൽക്കുന്ന ചില മഹത് വ്യക്തികളുണ്ട്. കുലപർവത സമാനമായ വ്യക്തിത്വമെന്നോ, മഹാസാഗരസമാനമായ വ്യക്തിത്വമെന്നോ പറയാം. അത്തരമൊരു വ്യക്തിത്വമായിരുന്നു അക്കിത്തമെന്ന് കവി പ്രഭാ വർമ. അപരനെ കുറിച്ചുള്ള കരുതലിന്റെ അടിസ്ഥാനത്തിലാണ് ഇത് പറയുന്നത്. ‘തന്റേതല്ല ഇതൊന്നും’ എന്ന ചിന്തയായിരുന്നു അക്കിത്തത്തിന്. ഈ മാനസിക നിലയിലേക്ക് എത്തണമെങ്കിൽ ഋഷി സമാനമായ നില കൈവരിക്കണമെന്നും, അക്കിത്തം അത്തരമൊരു മനസിന് ഉടമായിരുന്നുവെന്നും പ്രഭാ വർമ ട്വന്റിഫോറിനോട് പങ്കുവച്ചു.
Story Highlights – kalpatta narayanan and prabha varma on akkitham
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here