അവസാന ഓവറിൽ മോറിസ് വെടിക്കെട്ട്; പഞ്ചാബിന് 172 റൺസ് വിജയലക്ഷ്യം

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ കിംഗ്സ് ഇലവൻ പഞ്ചാബിന് 172 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബാംഗ്ലൂർ 6 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് റൺസ് എടുത്തത്. ബാംഗ്ലൂരിനായി 48 റൺസെടുത്ത വിരാട് കോലിയാണ് ടോപ്പ് സ്കോറർ. പഞ്ചാബിനു വേണ്ടി മുഹമ്മദ് ഷമി, മുരുഗൻ അശ്വിൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
Read Also : ഐപിഎൽ മാച്ച് 31: ബാംഗ്ലൂരിനു ബാറ്റിംഗ്; ഇന്ന് ഗെയിൽ കളിക്കും
നല്ല രീതിയിലാണ് ബാംഗ്ലൂർ തുടങ്ങിയത്. ഫിഞ്ച്-ദേവ്ദത്ത് സഖ്യം ആദ്യ വിക്കറ്റിൽ 38 റൺസ് കൂട്ടിച്ചേർത്തു. അഞ്ചാം ഓവറിലെ ആദ്യ പന്തിൽ ദേവ്ദത്തിനെ പുറത്താക്കിയ അർഷ്ദീപ് സിംഗ് ആണ് പഞ്ചാബിന് ആദ്യ ബ്രേക്ക്‌ത്രൂ നൽകിയത്. 12 പന്തുകളിൽ 18 റൺസെടുത്ത യുവതാരത്തെ നിക്കോളാസ് പൂരാൻ പിടികൂടുകയായിരുന്നു. ഏറെ വൈകാതെ ഫിഞ്ചും (20) പുറത്തായി. ഫിഞ്ചിനെ മുരുഗൻ അശ്വിൻ ക്ലീൻ ബൗൾഡാക്കുകയായിരുന്നു.
മുരുഗൻ അശ്വിൻ, രവി ബിഷ്ണോയ് എന്നീ രണ്ട് ലെഗ് സ്പിന്നർമാർ ഉള്ളതുകൊണ്ട് തന്നെ ഡിവില്ല്യേഴ്സിനു പകരം ഇടംകയ്യൻ വാഷിംഗ്‌ടൺ സുന്ദറാണ് മൂന്നാം നമ്പറിൽ എത്തിയത്. ഒരുവശത്ത് കോലി മെല്ലെ ഇന്നിംഗ്സ് കെട്ടിപ്പടുക്കുമ്പോൾ മറുപുറത്ത് സുന്ദറിൻ്റെ മെല്ലെപ്പോക്ക് ആർസിബിയ്ക്ക് തിരിച്ചടിയായി. ഒടുവിൽ മുരുഗൻ അശ്വിൻ തന്നെ സുന്ദറിനെയും (13) പുറത്താക്കി. സുന്ദർ പുറത്തായതിനു പിന്നാലെ ശിവം ദുബേ എത്തി. മെല്ലെ തുടങ്ങിയെങ്കിലും രവി ബിഷ്ണോയുടെ പന്തിൽ രണ്ട് സിക്സറുകൾ അടിച്ച ദുബെ 16ആം ഓവറിൽ പുറത്തായി. 23 റൺസെടുത്ത ദുബെയെ ക്രിസ് ജോർഡൻ്റെ പന്തിൽ ലോകേഷ് രാഹുൽ പിടികൂടുകയായിരുന്നു. അഞ്ചാം നമ്പറിലാണ് എബി ഡിവില്ല്യേഴ്സ് എത്തിയത്. പൊസിഷൻ മാറി ബാറ്റ് ചെയ്യാനെത്തിയ എബി അഞ്ച് പന്തുകൾ നേരിട്ട് വെറും രണ്ട് റൺസ് മാത്രമെടുത്ത് പുറത്തായി. എബിയെ ഷമിയുടെ പന്തിൽ ദീപക് ഹൂഡ പിടികൂടുകയായിരുന്നു. ആ ഓവറിൽ തന്നെ കോലിയും പുറത്തായി. 39 പന്തുകളിൽ 48 റൺസെടുത്ത കോലിയെ ലോകേഷ് രാഹുൽ പിടികൂടുകയായിരുന്നു.
Read Also : ഐപിഎൽ മാച്ച് 31: പഞ്ചാബിന് ഇന്ന് ജീവന്മരണ പോരാട്ടം; ഗെയിൽ ഇറങ്ങിയേക്കും
അവസാന ഓവറുകളിൽ ചില മികച്ച ഷോട്ടുകൾ ഉതിർത്ത ക്രിസ് മോറിസും ഇസുരു ഉഡാനയും ചേർന്നാണ് ബാംഗ്ലൂരിനെ 170 കടത്തിയത്. ക്രിസ് മോറിസ് 8 പന്തുകളിൽ 25 റൺസ് എടുത്തും ഇസുരു ഉദാന 5 പന്തുകളിൽ 10 റൺസെടുത്തും പുറത്താവാതെ നിന്നു. ഷമി എറിഞ്ഞ അവസാന ഓവറിൽ 24 റൺസാണ് ഇരുവരും ചേർന്ന് നേടിയത്.
Story Highlights – royal challengers bangalore vs kings xi punjab first innings
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here