സ്റ്റീവ് സ്മിത്തിനെ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് നീക്കണമെന്ന് ആരാധകർ; ക്യാപ്റ്റനു പിന്തുണയുമായി രാജസ്ഥാൻ മാനേജ്മെന്റ്

rajasthan royals steve smith

രാജസ്ഥാൻ റോയൽസ് ടീമിൻ്റെ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് ഓസീസ് താരം സ്റ്റീവ് സ്മിത്തിനെ നീക്കണമെന്ന് ആരാധകർ. ഫ്രാഞ്ചൈസിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലെ കമൻ്റ് ബോക്സിലാണ് ആരാധകർ ആവശ്യം ഉയർത്തുന്നത്. സ്മിത്തിനെ നീക്കി ജോസ് ബട്‌ലറെയോ ബെൻ സ്റ്റോക്സിനെയോ ക്യാപ്റ്റനാക്കണം എന്നാണ് ആവശ്യം. മലയാളി താരം സഞ്ജു സാംസണിനെയും ചിലർ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ, സ്റ്റീവ് സ്മിത്തിന് രാജസ്ഥാൻ റോയൽസിൻ്റെ പൂർണ പിന്തുണയുണ്ട്. ഇത് അവർ അറിയിക്കുകയും ചെയ്തു.

സ്റ്റീവ് സ്മിത്തിനു കീഴിൽ രണ്ട് തുടർജയങ്ങളുമായാണ് രാജസ്ഥാൻ റോയൽസ് സീസൺ ആരംഭിച്ചത്. എന്നാൽ, പിന്നീട് കളിച്ച 6 മത്സരങ്ങളിൽ അഞ്ചിലും അവർ പരാജയപ്പെട്ടു. ആദ്യത്തെ രണ്ട് മത്സരത്തിനു ശേഷം ഒരു ബാറ്റ്സ്മാൻ എന്ന നിലയിലും സ്മിത്തിന് ശോഭിക്കാനായില്ല. രണ്ട് മത്സരങ്ങളിൽ മാത്രമാണ് താരം രണ്ടക്കം കടന്നത്. ഉത്തപ്പ, മനൻ വോഹ്റ എന്നീ ജെനുവിൻ ഓപ്പണർമാർ ടീമിൽ ഉണ്ടായിരിക്കെ ബെൻ സ്റ്റോക്സിനെ ഓപ്പൺ ചെയ്യാൻ അയച്ചതും സഞ്ജുവിനെ ബാറ്റിംഗ് ഓർഡറിൽ താഴേക്ക് ഇറക്കുകയും ചെയ്തത് ആരാധകരുടെ അപ്രീതിയ്ക്ക് കാരണമായിട്ടുണ്ട്. ബെൻ സ്റ്റോക്സ് ഓപ്പൺ ചെയ്യുകയും സ്മിത്ത് മൂന്നാം നമ്പറിൽ കളിക്കുകയും ചെയ്യുന്നതോടെ രാജസ്ഥാൻ്റെ മധ്യനിര വളരെ ദുർബലമാവുകയാണ്. ഇതൊക്കെ ചൂണ്ടിക്കാട്ടിയാണ് ആരാധകരുടെ ആവശ്യം.

എന്നാൽ, സ്മിത്തിന് ടീം മാനേജ്മെൻ്റിൻ്റെ പൂർണ പിന്തുണയുണ്ട്. ക്യാപ്റ്റൻ എന്ന തലക്കെട്ടിൽ സ്മിത്തിൻ്റെ ചിത്രം അല്പം മുൻപ് തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ രാജസ്ഥാൻ റോയൽസ് പോസ്റ്റ് ചെയ്തിരുന്നു. ബട്‌ലറിൻ്റെ ചിത്രം പങ്കുവച്ച് ‘ജോസ് ദ ബോസ്’ എന്ന അടിക്കുറിപ്പിലുള്ള ട്വീറ്റ് ക്യാപ്റ്റൻ സ്ഥാനം മാറ്റുമെന്നതിനുള്ള സൂചനയല്ലെന്നും റോയൽസ് പറയുന്നു.

Story Highlights rajasthan royals manegment supports steve smith as captain

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top