ഹത്രാസ് സംഭവത്തിൽ പ്രതിഷേധിച്ച് ഉത്തർപ്രദേശിൽ വാത്മീകി വിഭാഗത്തിൽപ്പെട്ട 236 പേർ ബുദ്ധമതം സ്വീകരിച്ചു

ഹത്രാസിൽ ദളിത് വിഭാഗത്തിൽപ്പെട്ട പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് വാത്മീകി വിഭാഗത്തിൽപ്പെട്ട 236 പേർ ബുദ്ധമതം സ്വീകരിച്ചു. ഉത്തർപ്രദേശിലെ ഖാസിയാബാദ് ജില്ലയിലെ കർഹേര ഗ്രാമത്തിലെ വാത്മീകി സമുദായംഗങ്ങളാണ് ഹിന്ദുമതം ഉപേക്ഷിച്ച് ബുദ്ധമതം സ്വീകരിച്ചത്.

ഭരണഘടനാ ശിൽപ്പി ഡോ. ബി. ആർ അംബേദ്കറിന്റെ ബന്ധുവായ രാജ് രത്‌ന അംബേദ്കറിന്റേയും ബുദ്ധസന്ന്യാസികളുടേയും ബുദ്ധിസ്റ്റ് സൊസൈറ്റി അധികൃതരുടേയും സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നത്. എത്ര പഠിച്ചാലും എന്ത് തൊഴിൽ ചെയ്താലും എല്ലാവരും തങ്ങളെ താഴെ തട്ടിലുള്ളവരായാണ് പരിഗണിക്കുന്നതെന്ന് ബുദ്ധിസ്റ്റ് സൊസൈറ്റി പ്രവർത്തകർ പറഞ്ഞു. ഹത്‌റാസ് ബലാത്സംഗക്കേസിന്റെ കാര്യമായാലും, ദളിതർക്കെതിരെയുള്ള മറ്റ് കേസുകളിലായാലും തങ്ങൾക്ക് പലയിടങ്ങളിലും വിവേചനം നേരിടേണ്ടി വരുന്നതായും ബുദ്ധിസ്റ്റ് സൊസൈറ്റി പ്രവർത്തകർ കൂട്ടിച്ചേർത്തു.

സെപ്റ്റംബർ പതിനാലിനായിരുന്നു 19 വയസുള്ള ദളിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. വളർത്തുമൃഗങ്ങൾക്കുള്ള തീറ്റ ശേഖരിക്കാൻ പോയ സമയത്താണ് നാല് പേർ ചേർന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. കുട്ടിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ തെരച്ചിലിൽ അവശനിലയിൽ പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയുടെ നാക്ക് മുറിച്ച നിലയിലായിരുന്നു. ദിവസങ്ങൾ നീണ്ട ചികിത്സയ്‌ക്കൊടുവിൽ പെൺകുട്ടി മരണത്തിന് കീഴടങ്ങി.

Story Highlights Hathras gang rape

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top