സ്വർണക്കടത്ത്, ലൈഫ് മിഷൻ അന്വേഷണം കൂടുതൽ ഉന്നതരിലേക്ക്

സ്വർണക്കടത്ത്, ലൈഫ് മിഷൻ കേസുകളിൽ അന്വേഷണം എം.ശിവശങ്കരന് മുകളിലേയ്ക്കും പോകും. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസിൽ കൂടുതൽ ഉന്നതർ പ്രതിപ്പട്ടികയിൽ ഉണ്ടാകുമെന്നാണ് വിവരം. എം.ശിവശങ്കരനെ കസ്റ്റഡിയിലെടുക്കാനുള്ള തീരുമാനം അതിന്റെ ഭാഗമാണെന്നാണ് സൂചന. എം. ശിവശങ്കരനെതിരെ ശക്തമായ തെളിവുകളാണുള്ളതെന്ന് കസ്റ്റംസ് ദേശീയ ആസ്ഥാനം വിലയിരുത്തി.
ഇതുവരെയുള്ള തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിലാണ് കസ്റ്റംസ് എം.ശിവശങ്കരനെ പ്രതിചേർക്കാൻ തീരുമാനിച്ചിരിക്കുന്നത്. കസ്റ്റഡിയിൽ എടുക്കുന്ന ശിവശങ്കരൻ രണ്ട് ചോദ്യങ്ങൾക്ക് ഉത്തരം പറയണം. സ്വകാര്യ പാസ്‌പോർട്ടും ടൂറിസ്റ്റ് വിസയും ഉപയോഗിക്കാൻ നിർദേശം നൽകിയത് ആര്? കേന്ദ്രസർക്കാരിന്റെ അനുമതിയില്ലാത്ത യാത്രകളുടെ മുഴുവൻ ചെലവും വഹിക്കാൻ അനുവദിച്ച ഫയൽ നീക്കങ്ങൾ എങ്ങനെ ആയിരുന്നു? തുടങ്ങിയ ചോദ്യങ്ങൾ ശിവശങ്കർ നേരിടണം. രേഖാപരമായി ശിവശങ്കരന് ഇക്കാര്യങ്ങളിൽ ഉത്തരം പറയാനും നിർദേശം നൽകിയ അധികാരസ്ഥാനത്തെ കാട്ടിനൽകാനും സാധിച്ചില്ലെങ്കിൽ കസ്റ്റംസ് അറസ്റ്റ് രേഖപ്പെടുത്തും. രണ്ട് ചോദ്യങ്ങൾക്കും ശിവശങ്കരൻ ഉത്തരം പറഞ്ഞാലും ഇല്ലെങ്കിലും പിന്നീട് ഉള്ള അന്വേഷണം ശിവശങ്കരനെ സഹായിച്ച അധികാരിയെ കണ്ടെത്താനാണ് നടക്കുക. മുഖ്യമന്ത്രിയുടെ ഓഫീസിലിൽ ഇന്റലിജൻസ് മെയിലുകൾ കൈകാര്യം ചെയ്തിരുന്ന അധികാരികളിൽ നിന്നടക്കം ഇതോടെ മൊഴി എടുക്കെണ്ടിവരും എന്നും ഉന്നത കസ്റ്റംസ് ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു.
എം.ശിവശങ്കരന് രാഷ്ട്രീയ പിന്തുണയും സഹായവും ലഭിച്ചിരുന്നതായാണ് കസ്റ്റംസിന്റെ നിഗമനം. സ്വകാര്യ പാസ്‌പോർട്ടും ടൂറിസ്റ്റ് വിസയും ഉപയോഗിക്കാൻ രാഷ്ട്രീയ നേതൃത്വത്തിന്റെ സഹായം ഇല്ലാതെ സാധിക്കില്ല. കേന്ദ്രസർക്കാരിന്റെ അനുമതിയില്ലാത്ത യാത്രകളുടെ മുഴുവൻ ചെലവും വഹിച്ചത് സംസ്ഥാന സർക്കാർ ആയിരുന്നെന്ന് ശിവശങ്കരൻ ഇതിനകം മൊഴിയും നൽകിയിട്ടുണ്ട്. കേന്ദ്രത്തിന്റെ അനുമതി ഇല്ലാതെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വിദേശയാത്ര നടത്തുന്നു എന്ന വിവരം കേന്ദ്രം നേരത്തെ രേഖമൂലം അറിയിച്ചിരുന്നു. ഇക്കാര്യം തിരുത്താൻ നടപടി എടുക്കാതിരുന്നതും തങ്ങളുടെ നിഗമനങ്ങളെ സാധൂകരിക്കുന്നതാണെന്നാണ് കസ്റ്റംസ് നിലപാട്. ശിവശങ്കരൻ നടത്തിയ 14 വിദേശ യാത്രകളിൽ ആറെണ്ണത്തിലും സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഒപ്പമുണ്ടായിരുന്നു എന്നും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.
Story Highlights – M Shivashankar, Gold smuggling, Life mission
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here