രണ്ട് തവണ ട്രയൽ; കിലോയ്ക്ക് 45,000 രൂപ കമ്മീഷൻ; സ്വർണക്കടത്ത് നടത്തിയ വഴികൾ വെളിപ്പെടുത്തി സന്ദീപ് നായർ

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ തട്ടിപ്പ് നടത്തിയ വഴികൾ വെളിപ്പെടുത്തി സന്ദീപ് നായർ. സ്വർണക്കടത്തിന് പുതിയ മാർഗം ആരാഞ്ഞത് റമീസാണ്. കോൺസുലേറ്റിൽ ജോലി ചെയ്യുന്ന സരിതിനെ നേരത്തേ അറിയാം. സരിത്തിനെ കുറിച്ച് റമീസിനോട് പറഞ്ഞിരുന്നു. സരിത്താണ് സ്വപ്നയെ പരിചയപ്പെടുത്തിയത്. നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയാൽ പിടിക്കപ്പെടില്ല എന്ന് പറഞ്ഞത് സ്വപ്നയാണെന്നും സന്ദീപ് പറയുന്നു.
കിലോയ്ക്ക് 45,000 ആണ് ആദ്യം റമീസ് പറഞ്ഞത്. സ്വപ്ന ആവശ്യപ്പെട്ടത് 1000 യുഎസ് ഡോളറാണ്. ആദ്യ ഗൂഢാലോചന നടന്നത് 2019 മെയ് മാസത്തിൽ സരിതിന്റെ കാറിനുള്ളിൽ വച്ചാണ്. തിരുവനന്തപുരം താൽവാക്കേഴ്സ് ജിമ്മിന്റെ പാർക്കിൽ വച്ചായിരുന്നു ഗൂഢാലോചന. രണ്ടു തവണ സ്വർണക്കടത്തിന് ട്രയൽ നടത്തി. സ്വർണം അയക്കാൻ നിർബന്ധിച്ചത് സ്വപ്നയാണെന്നും കുറഞ്ഞത് 10 കിലോ അയക്കാൻ പറഞ്ഞുവെന്നും സന്ദീപ് പറഞ്ഞു.
കോൺസുൽ ജനറലിന് ജർമനിയിൽ ബിസിനസിനും ദുബായിൽ വീട് നിർമിക്കാനും പണം വേണമെന്ന് പറഞ്ഞു. കോൺസുൽ ഡിസംബറിൽ മടങ്ങുമെന്നും സ്വപ്ന പറഞ്ഞു.
സ്വപ്നയ്ക്കെതിരായ ക്രിമിനൽ കേസ് ശിവശങ്കർ അറിഞ്ഞിരുന്നുവെന്ന് സന്ദീപ് പറയുന്നു. എയർ ഇന്ത്യ സാറ്റ്സിനെതിരായ ക്രിമിനൽ കേസിനെക്കുറിച്ച് അറിയാമായിരുന്നു. സ്വപ്നയുടെ സ്പേസ് പാർക്കിലെ നിയമനം ഇതിന് ശേഷമാണെന്നും സന്ദീപ് കൂട്ടിച്ചേർത്തു.
ലൈഫ് മിഷനിൽ 5% കമ്മീഷൻ വാഗ്ദാനം ചെയ്തത് സന്തോഷ് ഈപ്പനെന്ന് സന്ദീപ് വെളിപ്പെടുത്തി. സന്തോഷ് ഈപ്പനൊപ്പം കോൺസുൽ ജനറലിനെ കണ്ടിരുന്നുവെന്നും 45 ലക്ഷം രൂപ മൂന്നു തവണയായി തനിക്ക് നൽകിയെന്നും സന്ദീപ് പറഞ്ഞു.
Story Highlights – sandeep nair about gold smuggling process
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here