കളമശേരി മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ കിട്ടാതെ രോഗി മരിച്ചെന്ന പരാതിയില്‍ അന്വേഷണം തുടങ്ങി

കളമശേരി മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ കിട്ടാതെ രോഗി മരിച്ചെന്ന പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി. കൊവിഡ് ചികിത്സയിലിരിക്കെ മരിച്ച ഹാരിസിന്റെ ബന്ധുക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.

വെന്റിലേറ്ററിന്റെ ട്യൂബ് മാറിക്കിടന്നതാണ് ഹാരിസിന്റെ മരണത്തിലേക്ക് നയിച്ചതെന്ന നഴ്‌സിംഗ് ഓഫീസറുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കുടുംബം പരാതി നല്‍കിയത്. ഈ പരാതിയിലാണ് കളമശേരി പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചത്. മരിച്ച ഹാരിസിന്റെ സഹോദരന്റെ വീട്ടിലെത്തി ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി. ഹാരിസിന്റെ മരണം കൊവിഡ് ഐസിയുവിലെ അനാസ്ഥ കൊണ്ടെന്ന് ഉറച്ചു വിശ്വസിക്കുന്നതായി സഹോദരന്‍ അന്‍വര്‍ പറഞ്ഞു. ഹാരിസിന്റെ മരണം സംബന്ധിച്ച് ആശുപത്രി ജീവനക്കാര്‍ക്ക് ഇടയില്‍ കാര്യമായ ചര്‍ച്ച നടന്നു എന്നതിന്റെ തെളിവാണ് പേര് പറഞ്ഞുള്ള നഴ്‌സിംഗ് ഓഫീസറുടെ സന്ദേശം.

ഡ്യൂട്ടി ഷിഫ്റ്റ് പരിശോധിച്ച ശേഷം ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ഇതര ജീവനക്കാര്‍ എന്നിവരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തും. ഷിഫ്റ്റ് വിവരങ്ങള്‍ കൈമാറണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ കൊവിഡ് ചികിത്സയിലിരിക്കെ മരിച്ച ബൈഹക്കിയുടെ ബന്ധുക്കളും പൊലീസില്‍ പരാതി നല്‍കി. വെന്റിലേറ്ററിലേയ്ക്ക് മാറ്റാന്‍ മണിക്കൂറുകള്‍ വൈകിയെന്നാണ് പരാതി. നല്ല ശ്രദ്ധ കിട്ടണമെങ്കില്‍ പണം കൊടുക്കണമെന്ന ബൈഹക്കിയുടെ ശബ്ദ സന്ദേശം സംബന്ധിച്ചും പരിശോധന വേണമെന്ന് കുടുംബം ആവശ്യപ്പെടുന്നു. അതേ സമയം കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വിവിധ പ്രതിപക്ഷ സംഘടനകള്‍ മെഡിക്കല്‍ കോളജിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.

Story Highlights

Kalamassery Medical College
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top