സ്വർണക്കടത്ത് കേസ്; ശിവശങ്കറിനെ പ്രതി ചേർത്തിട്ടില്ലെന്ന് എൻഐഎ; മുൻകൂർ ജാമ്യ ഹർജി തീർപ്പാക്കി

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ കൊച്ചി എൻഐഎ പ്രത്യേക കോടതി തീർപ്പാക്കി. എം ശിവശങ്കർ കേസിൽ നിലവിൽ പ്രതിയല്ലെന്നും ജാമ്യാപേക്ഷ പരിഗണിക്കേണ്ടതില്ലെന്നും എൻഐഎ അറിയിച്ചതിനെ തുടർന്നാണ് ഹർജി തീർപ്പാക്കിയത്. ശിവശങ്കറിനെ പ്രതിയാക്കുന്ന കാര്യം ആലോപിച്ചിട്ടില്ലെന്നും എൻഐഎ കോടതിയിൽ പറഞ്ഞു.

തിരുവനന്തപുരം സ്വർണകള്ളകടത്ത് കേസിൽ ദേശീയ അന്വേഷണ ഏജസികടക്കം വലിയ രാഷ്ട്രീയ സമ്മർദ്ദമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് എം ശിവശങ്കർ എൻഐഎ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. എം. ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കേണ്ടതില്ലെന്നായിരുന്നു എൻഐഎ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. സ്വർണ്ണക്കള്ളകടത്ത് കേസുമായി ബന്ധപ്പെട്ട് ശിവശങ്കർ നിലവിൽ പ്രതിയല്ല. ശിവശങ്കറിന്റെ പ്രതി ചേർക്കുന്നതോ, അറസ്റ്റ് ചെയ്യുന്നതോ ആയ കാര്യങ്ങൾ അന്വേഷണ സംഘം നിലവിൽ ആലോചിച്ചിട്ടില്ലെന്നും എൻഐഎ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ഭാവിയിൽ എന്തെങ്കിലും തെളിവ് ലഭിച്ചാൽ പ്രതി ചേർക്കുന്ന കാര്യം അപ്പോൾ ആലോചിക്കുമെന്നുമായിരുന്നു എൻഐഎയുടെ നിലപാട്. ഇതോടെ ശിവശങ്കർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി തീർപ്പാക്കി.

സ്വർണ്ണക്കള്ള കടത്തുമായി ബന്ധപ്പെട്ട് എൻഐഎ അടക്കമുള്ള വിവിധ അന്വേഷണ ഏജൻസികൾ 100 മണിക്കൂറോളം ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു. കസ്റ്റംസിന്റേയും, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റേയും അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് ശിവശങ്കർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും.

Story Highlights Gold smuggling case, M shivashankar, NIA

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top