Advertisement

‘ഗർഭിണിയായിരുന്നിട്ടും യാത്ര പോകാൻ നിർബന്ധിച്ചത് ബന്ധുവാണ്’; മയക്കുമരുന്ന് കേസിൽ പിടിയിലായി ഖത്തർ ജയിലിൽ കഴിയുന്ന ദമ്പതികളുടെ കഥ

October 26, 2020
2 minutes Read
story of couple jailed in Qatar in drug case
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഒരിക്കലും തങ്ങളുടെ രണ്ടാം മധുവിധുവിനായി ഖത്തറിൽ പോകാൻ ഉദ്ദേശിച്ചിരുന്നില്ല മുഹമ്മദ് ശരീഖ് എന്ന യുവാവും ഭാര്യ ഒനീബ ഖുറൈഷിയും. എന്നാൽ ശരീഖിന്റെ ബന്ധു വിവാഹ സമ്മാനമായി നൽകിയത് ഖത്തറിലേക്കുള്ള യാത്രയായിരുന്നു. പോകാതിരുന്നാൽ അവർ മുടക്കിയ പണം നഷ്ടമാകുമെന്ന് പറഞ്ഞ് ബന്ധു തബസ്സും റിയാസ് ഖുറൈശി കുറേ നിർബന്ധിച്ചു. അങ്ങനെയാണ് തങ്ങളുടെ ജീവിതം തന്നെ മാറ്റി മറിച്ച ആ യാത്രയ്ക്കായി ഇരുവരും പോയത്. ഗർഭിണിയാണെന്ന് പറഞ്ഞിട്ടും ബന്ധു നിർബന്ധിച്ചു. ശരീഖിന്റെ വീട്ടുകാരെ പിണക്കേണ്ടെന്ന് ഒനീബയുടെ അമ്മയും നിർദേശിച്ചു. മകളുടെ ജീവിതം ഇരുണ്ട തടവറയ്ക്കുള്ളിലാക്കുന്ന യാത്രയാകുമതെന്ന് അറിഞ്ഞിരുന്നെങ്കിൽ തന്റെ മകളെ ഒരിക്കലും പറഞ്ഞയക്കില്ലായിരുന്നുവെന്ന് ഒനീബയുടെ അമ്മ പർവീൻ ഖുറൈശി പറയുന്നു.

2018 മെയ് മാസത്തിലാണ് മുംബൈ സ്വദേശികളായ ഒനീബയും ശരീഖും വിവാഹിതരാകുന്നത്. ജപ്പാൻ ധനകാര്യ സ്ഥാപനമായ ഹ്യോസുംഗിലെ എഡ്മിനിസ്‌ട്രേറ്റിവ് കൺസൾട്ടന്റായിരുന്നു ശരീഖ്. സ്ഥാനക്കയറ്റം ലഭിക്കാനിരിക്കെയായിരുന്നു ആ ഖത്തർ യാത്ര. ഒനീബ മുംബൈയിലെ തന്നെ ഒരു സ്വകാര്യ സ്ഥാപനത്തിലെ അസിസ്റ്റന്റ് മാനേജറായിരുന്നു. വിവാഹ ശേഷം ജോലി ഉപേക്ഷിച്ചു. ബാംഗോക്കിലാണ് ദമ്പതികൾ ആദ്യം മധുവിധു ആഘോഷിക്കാനായി പോയത്.

ഇതിന് ഒരു വർഷത്തിന് ശേഷമാണ് ഖത്തർ യാത്രയ്ക്കുള്ള അവസരവുമായി ശരീഖിന്റെ ബന്ധുവായ തബസും എന്ന സ്ത്രീ എത്തുന്നത്. അപ്പോഴേക്കും ഒനീബ ഗർഭിണിയായിരുന്നു. എന്നാൽ ഗർഭിണികൾക്ക് യാത്ര ചെയ്താൽ കുഴപ്പമില്ലെന്ന് പറഞ്ഞും, തന്റെ പണം നഷ്ടപ്പെടുത്തരുതെന്ന് പറഞ്ഞും ബന്ധു നിർബന്ധിച്ചു. ഒടുവിൽ സമ്മർദത്തിന് വഴങ്ങി ഖത്തറിൽ ഒഴിവുകാലം ആഘോഷിക്കാൻ ദമ്പതികൾ യാത്രയായി. പോകുന്നതിന് മുമ്പ് തബസും ഇവരുടെ കൈവശം ഒരു ബാഗ് നൽകി. ഹോട്ടൽ റൂമിൽ തബസ്സുമിന്റെ സുഹൃത്ത് വന്ന് വാങ്ങിക്കൊള്ളും എന്നായിരുന്നു നിർദേശം.

Read Also : വിവാഹം കഴിക്കാൻ സ്ത്രീകളെ തട്ടിക്കൊണ്ടുപോകുന്ന ഒരു ദ്വീപ്; തനിക്കുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞ് യുവതി

മുംബൈയിൽ നിന്ന് ബംഗളൂരു വഴി ഖത്തറിലേക്കുള്ളതായിരുന്നു ഇവരുടെ വിമാനം. ഖത്തറിലെ ഹമ്മാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഇവരെ സ്വീകരിച്ചത് ഹോട്ടൽ അധികൃതരോ, ടൂറിസ്റ്റ് ഗൈഡോ അല്ല മറിച്ച് കസ്റ്റംസ് അധികൃതരാണ്. ഇവരുടെ കൈവശം തബസ്സും നൽകിയ ബാഗിലുണ്ടായിരുന്നത് 4.1 കിലോഗ്രാം ഹാശിഷായിരുന്നു.

തങ്ങളുടെ നിരപരാധിത്തം തെളിയിക്കാൻ ഇരുവരും ശ്രമിച്ചുവെങ്കിലും ഖത്തർ അധികൃതരോ കോടതിയോ ഇത് ചെവിക്കൊണ്ടില്ല. കഴിഞ്ഞ വർഷം ഡിസംബറിൽ ഇരുവരെയും ജീവതകാലം മുഴുവൻ തടവ് ശിക്ഷയ്ക്ക് വിധിച്ചു സുപ്രിം ജുഡീഷ്യറി കൗൺസിൽ ഓഫ് ഖത്തർ. ഈ വർഷം ആദ്യം ഖത്തർ ജയിലിൽ വച്ച് ഒനീബ ഒരു പെൺകുഞ്ഞിന് ജന്മം നൽകി. ആയത്ത് ഖുറൈശി എന്നാണ് കുഞ്ഞിന്റെ പേര്.

ഡിസംബർ മുതൽ ശരീഖിന്റെയും ഒനീബയുടേയും കുടുംബം പ്രധാനമന്ത്രിക്കും മറ്റ് അധികൃതർക്കും നിരന്തരമായി അപേക്ഷകൾ സമർപ്പിക്കുകയാണ്. തബസ്സുമിനും കൂട്ടാളി നിസാം കാരയ്ക്കുമെതിരെ നാർകോട്ടിക്‌സ് കണ്ട്രോൾ ബ്യൂറോയിൽ പരാതിയും നൽകിയിട്ടുണ്ട്. നിലവിൽ കേന്ദ്ര സർക്കാരും, ഇന്ത്യൻ എംബസിയും ഇടപെട്ട് ഇരുവരെയും മോചിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണ്.

Story Highlights story of couple jailed in Qatar in drug case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement