ലങ്ക പ്രീമിയർ ലീഗ്; റസലും ഡുപ്ലെസിയുമടക്കം അഞ്ച് പ്രമുഖർ പിന്മാറി

തുടങ്ങും മുൻപ് തന്നെ തിരിച്ചടി നേരിട്ട് ലങ്ക പ്രീമിയർ ലീഗ്. ഫാഫ് ഡുപ്ലെസി, ആന്ദ്രേ റസൽ തുടങ്ങിയ പ്രമുഖ താരങ്ങൾ ലീഗിൽ നിന്ന് പിന്മാറിയതാണ് തിരിച്ചടിയായിരിക്കുന്നത്. പിന്മാറിയവരിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ മൻവിന്ദർ ബിസ്ലയും ഉൾപ്പെടുന്നു. പല കാരണങ്ങൾ കൊണ്ടാണ് താരങ്ങളുടെ പിന്മാറ്റം.
ആന്ദ്രേ റസൽ, ഫാഫ് ഡുപ്ലെസി, മൻവിന്ദർ ബിസ്ല എന്നിവരെക്കൂടാതെ ഡേവിഡ് മില്ലർ, ഡേവിഡ് മലൻ എന്നിവരും പിന്മാറി. കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്നാണ് റസലിന്റെ പിന്മാറ്റം. ഇംഗ്ലണ്ടിനെതിരായ ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ ഉൾപ്പെട്ടതിനെ തുടർന്നാണ് ഡുപ്ലസി, ഡേവിഡ് മില്ലർ, ഡേവിഡ് മലൻ എന്നിവർ വിട്ടുനിൽക്കുന്നത്.
റസൽ, മില്ലർ, ഡുപ്ലെസി എന്നിവർ വിവിധ ഫ്രാഞ്ചൈസികളുടെ മാർക്വീ താരങ്ങളായിരുന്നു. പിന്മാറിയ താരങ്ങൾക്ക് പകരം ഫ്രാഞ്ചൈസികൾക്ക് മറ്റ് താരങ്ങളെ ടീമിൽ ഉൾപ്പെടുത്താം.
ലങ്ക പ്രീമിയർ ലീഗ് നവംബർ 21 മുതൽ ആരംഭിക്കും. അഞ്ച് ടീമുകളാണ് ലീഗിൽ ഉള്ളത്. രണ്ട് ഇന്ത്യൻ താരങ്ങൾ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 90 താരങ്ങൾ ലങ്ക പ്രീമിയർ ലീഗിൽ പങ്കെടുക്കും. നേരത്തെ നവംബർ 14നു നിശ്ചയിച്ചിരുന്ന ലീഗ് ഇന്ത്യൻ പ്രീമിയർ ലീഗ് അവസാനിക്കുന്നതുമായി ബന്ധപ്പെട്ട് റീഷെഡ്യൂൾ ചെയ്യുകയായിരുന്നു. നവംബർ 10നാണ് ഐപിഎൽ അവസാനിക്കുക. ഓഗസ്റ്റ് 28 മുതൽ ലങ്ക പ്രീമിയർ ലീഗ് ആരംഭിക്കാനാണ് ശ്രീലങ്ക തീരുമാനിച്ചിരുന്നത്. എന്നാൽ, കൊവിഡ് മാനദണ്ഡങ്ങൾ കാരണം ലീഗ് നീട്ടിവെക്കുകയായിരുന്നു.
കൊളംബോ കിംഗ്സ്, ഡാംബുള്ള ഹോക്സ്, ജാഫ്ന സ്റ്റാലിയൺസ്, ഗല്ലെ ഗ്ലാഡിയേറ്റേഴ്സ്, കാൻഡി ടസ്കേഴ്സ് എന്നീ ടീമുകളാണ് എൽപിഎലിൽ ഉള്ളത്.
Story Highlights – five overseas players pulled out of Lanka Premier League
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here