വയലാർ രാമവർമയുടെ ജീവിതം അഭ്രപാളിയിലേക്ക്

ഓർമയായി നാലര പതിറ്റാണ്ട് പിന്നിട്ടിട്ടും മലയാളിയുടെ മനസിൽ സർഗവസന്തമായി പെയ്തിറങ്ങുന്ന വയലാർ രാമവർമയുടെ ജീവിതം അഭ്രപാളിയിലേക്ക്. കെട്ടുകഥയ്ക്കും കേട്ട് കേൾവിക്കുമപ്പുറമുള്ള വയലാറിന്റെ പച്ചയായ ജീവിതം, ചലച്ചിത്ര രൂപത്തിലേക്ക് മാറ്റുന്നത് പ്രമോദ് പയ്യന്നൂരാണ്. ബിഗ്ബജറ്റിൽ പുതുതലമുറഭാഷയിൽ ഒരുങ്ങുന്ന ചിത്രത്തിൽ വയലാറിന്റെ അപ്രകാശിത വരികൾക്ക് സംഗീതരൂപം പ്രാപിക്കുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്.
ഒറ്റവാക്കിൽ ഒരഗ്‌നിബിന്ദു. നോവും ആത്മാവിനെ സ്‌നേഹിക്കാത്ത തത്വശാസ്ത്രങ്ങൾക്ക് മേൽ അത് കാട്ടുതീയായി പടർന്നു. വാക്ബിംബങ്ങൾ കൊണ്ട് ചിത്രങ്ങൾ വരച്ചു. ആ സർഗപ്രപഞ്ചത്തിന്റെ തീരത്ത്, ലോകമുള്ള കാലത്തോളം മലയാളി ഇരിക്കും.
വയലാറിന്റെ ജീവിതത്തിൽ സിനിമയ്ക്ക് യോജ്യമായ ഫിക്ഷനുകൾ ആവോളമുണ്ട്. ജീവിച്ച് കൊതി തീരാതെ പെട്ടെന്നുള്ള ദേഹവിയോഗം. യാത്രകൾ, ഡയറിയിൽ വരച്ച ഗാന്ധി ചിത്രങ്ങൾ, സുഭാഷ് ചന്ദ്ര ബോസിനോടുള്ള ആരാധന, കൈയിൽ പഴ്‌സ് കരുതാത്ത ശീലം തുടങ്ങി, കവിതയിലേക്ക് മാത്രം മടങ്ങുന്നത് വരെ കവി ആലോചിച്ചിരുന്നുവെന്നത് അധികമാർക്കും അറിയാത്ത കാര്യങ്ങൾ.
കജന്റെയും, ദേവയാനിയുടെയും പ്രണയം പറഞ്ഞ കജദേവയാനി വയലാറിന്റെ സ്വപ്നപദ്ധതിയായിരുന്നു. തിരക്കഥ പൂർത്തിയാക്കി പീച്ചി ഡാമിൽ വച്ച് രാമു കാര്യാട്ടിന് കഥ വായിച്ചു കൊടുത്തു. എന്നാൽ, ആ സിനിമ നടക്കാതെ പോയി. ഒരു പക്ഷേ വയലാർ ഇതുവരെ മലയാളിയ്ക്ക് സമ്മാനിച്ചതിൽ ഏറെ മാധുര്യമുണ്ടാവേണ്ടത് നടക്കാതെ പോയ ആ സ്വപ്‌നത്തിനായിരിക്കം.
ദേവരാജൻ മാസ്റ്റർ, മുൻ മുഖ്യമന്ത്രി സി.അച്യുതമേനോൻ, തോപ്പിൽ ഭാസി, ജോൺ എബ്രഹാം, പ്രേംനസീർ, സത്യൻ, എന്നിങ്ങനെ പ്രിയപ്പെട്ടവർക്കൊപ്പമുള്ള ചില നിമിഷങ്ങളടക്കം, ചിത്രത്തിൽ കൊരുത്തിടാൻ ജീവിതമുഹൂർത്തങ്ങൾ നിരവധിയുണ്ട്. പഴയ മദ്രാസ് പട്ടണം റാമോജി സ്റ്റുഡിയോയിൽ ഒരുങ്ങും. വയലാറും, തിരുവനന്തപുരവുമൊക്കെ ലൊക്കേഷനുകളാകും. മലയാളത്തിലെ ‘ എണ്ണം പറഞ്ഞ നടീനടന്മാരും, സാങ്കേതിക പ്രവർത്തകരും ചിത്രത്തിന്റെ ഭാഗമാകും. ജനുവരി അവസാന വാരത്തോടെ ചിത്രീകരണം ആരംഭിച്ച് അടുത്ത വേനലവധിയോടെ വയലാറിന്റെ ജീവിതം വെളളിത്തിരയിൽ എത്തിക്കാനാണ് അണിയറ പ്രവർത്തകരുടെ ശ്രമം.
Story Highlights – life of vayalar rama varma to cinema
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here