പെട്ടിമുടിയിലെ തിരച്ചിൽ താരമായ ഡോണയ്ക്ക് സംസ്ഥാന ബഹുമതി

പെട്ടിമുടി ദുരന്തത്തിൽപ്പെട്ടവരെ കണ്ടെത്തുന്നതിൽ രക്ഷാപ്രവർത്തകരൊടൊപ്പം തിരച്ചിൽ നടത്തിയ പൊലീസ് നായ ഡോണയ്ക്ക് സംസ്ഥാന ബഹുമതി. ഇടുക്കി പൊലീസിന്റെ ഡോഗ്സ്‌ക്വാഡിലെ നായയാണ് ഡോണ. തൃശൂർ പോലീസ് അക്കാദമിയിൽ സംസ്ഥാന ഡോഗ് ട്രയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ സേവനക്ഷമതാ പരീക്ഷയിലാണ് ഡോണ സേവനക്ഷമതാ പരീക്ഷയിൽ വിജയിച്ചത്. തിരച്ചിൽ- രക്ഷാപ്രവർത്തനങ്ങളിൽ വൈദഗ്ധ്യം നേടിയ ഡോണ ലാബ്രഡോർ റിട്രീവർ വിഭാഗത്തിൽപ്പെട്ടതാണ്.
ഡോണയ്ക്കൊപ്പം ഇടുക്കി ഡോഗ്സ്‌ക്വാഡിലെ തന്നെ ഡോളി എന്ന നായയും പരിശീലനം പൂർത്തിയാക്കി എത്തിയിട്ടുണ്ട്. ഡോളി ബീഗിൾ ഇനത്തിൽപ്പെട്ടതാണ്. സ്ഫോടകവസ്തുക്കൾ കണ്ടെത്തുന്നതിൽ (സ്നിഫർ) അതിവിദഗ്ധയാണ് ഡോളി. ബീഗിൾ ഇനത്തിൽപ്പെട്ട നായയെ കേരളത്തിൽ ആദ്യമായാണ് പൊലീസിൽ പരിശീലനം നൽകി സേവനത്തിൽ നിയോഗിച്ചിരിക്കുന്നത്.
ഇടുക്കി സ്‌ക്വാഡിൽ ഇവരെക്കൂടാതെ ജെനി, എസ്തർ(കുറ്റകൃത്യങ്ങൾ കണ്ടെത്തൽ- ട്രാക്കർ), ചന്തു(സ്നിഫർ), നീലി, ലെയ്ക(മയക്കുമരുന്ന് കണ്ടെത്തൽ) എന്നിവരാണ് മറ്റംഗങ്ങൾ.
ഡോണയ്ക്കു പരിശീലനം നൽകിയ ഡോഗ് സ്‌ക്വാഡ് ടീമംഗങ്ങളെ ജില്ലാ പൊലീസ് മേധാവി ആർ. കറുപ്പസാമിയെയും അഭിനന്ദിച്ചു. ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിലാണ് സ്‌ക്വാഡ് പ്രവർത്തിക്കുന്നത്. ജില്ലയിൽ നിന്ന് ആദ്യമായാണ് ഒരു പൊലീസ് നായയ്ക്ക് തിരച്ചിൽ രക്ഷാ പ്രവർത്തനത്തിൽ ഔദ്യോഗിക ബഹുമതി ലഭിക്കുന്നത്. ലെയ്ക്കക്കും നീലിയ്ക്കും അവരവരുടെ വിഭാഗങ്ങളിൽ മുമ്പ് ദേശീയ, സംസ്ഥാന ബഹുമതികൾ ലഭിച്ചിട്ടുണ്ട്. പെട്ടിമുടിയിൽ രക്ഷാപ്രവർത്തനത്തിലൂടെ ഏറെ ശ്രദ്ധേയനായ വളർത്തുനായ കുവിയും ഇവരൊടൊപ്പം ഇടുക്കി ഡോഗ് സ്‌ക്വാഡിൽ പരിശീലനത്തിലുണ്ട്.
Story Highlights – dona dog state honors
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here