അമ്മയ്ക്കൊപ്പം പങ്കുവച്ച ചിത്രത്തിന് താഴെ അശ്ലീല കമന്റുകൾ; മെസഞ്ചറിലൂടെ അസഭ്യ വർഷം; നിയമ നടപടിക്കൊരുങ്ങി കേരളത്തിലെ ആദ്യ ആൺ ദമ്പതികൾ

സൈബർ ആക്രമണത്തിനെതിരെ നിയമ നടപടിക്കൊരുങ്ങി കേരളത്തിലെ ആദ്യ ആൺ ദമ്പതികൾ. കൊച്ചി സ്വദേശികളായ നികേഷും സോനുവുമാണ് നിയമ നടപടിക്ക് ഒരുങ്ങുന്നത്. ഇരുവരും അമ്മയ്ക്കൊപ്പം എടുത്ത് സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രത്തിന് താഴെ അശ്ലീല കമന്റുകൾ നിറഞ്ഞിരുന്നു. ഫേസ്ബുക്ക് മെസഞ്ചറിലൂടെയും അസഭ്യ വർഷം തുടർന്നതോടെയാണ് ഇരുവരും നിയമനടപടിക്ക് ഒരുങ്ങുന്നത്.
സ്വവർഗ അനുരാഗവും വിവാഹം കഴിക്കാനുള്ള തീരുമാനവും തുറന്നു പറഞ്ഞത് മുതൽ നികേഷും സോനുവും ഏറെ അപമാനം ഏറ്റുവാങ്ങിയിട്ടുണ്ട്. എന്നാൽ അമ്മക്കൊപ്പം എന്ന തലക്കെട്ടോടെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെയാണ് അങ്ങേയറ്റം അറപ്പുളവാക്കുന്ന കമന്റുകൾ നിറഞ്ഞത്. ജസ്റ്റിൻ ജോണി എന്ന പ്രൊഫൈലിൽ നിന്ന് പിന്നെ മെസഞ്ചറിലൂടെയും അധിക്ഷേപം തുടർന്നു. ഹോമോഫോബിക്ക് ആയ ഒരുവന്റെ സകല ജീർണതക്കും ഒപ്പം അമ്മയെക്കുറിച്ചുള്ള അസഭ്യങ്ങളാണ് വേദനിപ്പിക്കുന്നതെന്ന് ഇരുവരും പറയുന്നു.
വ്യാജ പ്രൊഫൈലുകളുടെ മുഖംമൂടിക്ക് പിന്നിൽ നിന്നുള്ള സൈബർ ആക്രമണങ്ങൾ സാമാന്യവത്ക്കരിക്കപ്പെടുന്ന നിലയിലേക്കത്തിയിട്ടുണ്ട്. എന്നാൽ ഒരു പടി കൂടി കടന്ന് യഥാർത്ഥ ഐഡന്റിറ്റിയിൽ നിന്ന് അധിക്ഷേപത്തിന് ധൈര്യപ്പെടുമ്പോൾ എങ്ങനെ ഇനിയും നിയമടപടികളിൽ പ്രതീക്ഷ വയ്ക്കുമെന്നാണ് നികേഷും സോനുവും ചോദിക്കുന്നത്.
Story Highlights – Gay couple, Cyber attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here